ചാനല്‍ ഗ്ലോബലിന്റെ സിഇഒ ലീന നായര്‍ക്ക് പ്രിന്‍സ് വില്യം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ ബഹുമതി സമ്മാനിച്ചു. റീട്ടെയില്‍, ഉപഭോക്തൃ മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് ലീന നായര്‍ ആരാണെന്നും അവരുടെ പ്രവര്‍ത്തന മേഖല എന്തെന്നുമൊക്കെ ഇന്ത്യക്കാര്‍ കൂടുതലായി തിരയുന്നത്.
2025ലെ ചാള്‍സ് രാജാവിന്റെ പുതുവത്സര ബഹുമതി പട്ടികയില്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരവും ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയ്ക്ക് കീഴില്‍, രാജകുടുംബം യുകെയിലെ അവരുടെ വിശിഷ്ട സേവനത്തിനോ നേട്ടങ്ങള്‍ക്കോ വ്യക്തികളെ അംഗീകരിക്കുകയും അവര്‍ക്ക് പുരസ്‌കാരം സമ്മാനിക്കുകയുമാണ് ചെയ്യാറുള്ളത്.
മഹാരാഷ്ട്രയിലെ കോലാപൂരില്‍ മലയാളി കുടുംബത്തിലാണ് ലീന നായര്‍ ജനിച്ചത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള വാല്‍ചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ (ഇ & ടിസി) എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, അവര്‍ എംബിഎ അടക്കമുള്ള ഉന്നത യോഗ്യതകളും കരസ്ഥമാക്കിയിരുന്നു.ബ്രിട്ടീഷ്-ഇന്ത്യന്‍ ബിസിനസ് എക്സിക്യൂട്ടീവായ ലീന നായര്‍ നിലവില്‍ ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ചാനലിന്റെ സിഇഒ ആയാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ആദ്യ വനിതാ സിഇഒ കൂടിയാണവര്‍. 52 കാരിയായ ലീന നേരത്തെ യൂണിലിവറിന്റെ ആദ്യത്തെ വനിതാ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറും ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായിരുന്നു. തുടര്‍ന്ന് 2022 ജനുവരിയില്‍ ചാനലില്‍ ചേരുന്നതിനായി അവര്‍ ആ സ്ഥാനം രാജിവച്ചു.ചാനലിലൂടെ, ആഗോളതലത്തില്‍ മുന്‍നിര കമ്പനികളുടെ തലപ്പത്തുള്ള സുന്ദര്‍ പിച്ചൈ, പരാഗ് അഗര്‍വാള്‍, സത്യ നാദെല്ല തുടങ്ങിയ ഇന്ത്യന്‍ വംശജരായ എക്സിക്യൂട്ടീവുകളുടെ നീണ്ട നിരയിലേക്ക് അവരും കടന്നുവരികയായിരുന്നു. യൂണിലിവറില്‍ 1,60,00 പേരെ മേല്‍നോട്ടം വഹിച്ചിരുന്ന ലീന നായര്‍ ചാനലില്‍ എത്തിയ ശേഷം ലണ്ടനിലാണ് താമസം.
ഈ അസാധാരണ അംഗീകാരം ലഭിക്കുന്നത് ഒരു ബഹുമതിയാണ്. എന്റെ കുടുംബത്തിന്റെ നിരുപാധികമായ പിന്തുണയ്ക്കും യൂണിലിവറിലെയും ചാനലിലെയും എല്ലാ ആളുകളുടെയും ജ്ഞാനത്തിനും ഉദാരതയ്ക്കും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്; വെയില്‍സ് രാജകുമാരനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. വിന്‍ഡ്സര്‍ കാസിലില്‍ നടന്ന ചടങ്ങിലാണ് ചാനല്‍ സിഇഒയ്ക്ക് ഈ ബഹുമതി ലഭിച്ചത്. ബ്രാന്‍ഡിനെ പ്രതിനിധീകരിച്ച് ലീന നായര്‍ വയലറ്റ് ചാനല്‍ ഹൗട്ട് കൊച്ചര്‍ ട്വീഡ് ഡ്രസ് കോട്ടും, മൈസണ്‍ മസാരോയുടെ ഹൗട്ട് കൊച്ചര്‍ സാന്‍ഡലുകളും, മൈസണ്‍ മൈക്കല്‍ 'ന്യൂ ബോണി' ഫെല്‍റ്റ് തൊപ്പിയുമാണ് ചടങ്ങില്‍ ധരിച്ചത്.