അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിക്കേ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട യുകെ മലയാളി നഴ്‌സിന് പോര്‍ട്ട്‌സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പോര്‍ട്ട്‌സ്മൗത്ത് ക്യു എ ആശുപത്രിയിലെ നഴ്‌സായ രഞ്ജിത ഗോപകുമാറിന്റെ വിയോഗത്തില്‍ കണ്ണീരോടെയാണ് സഹപ്രവര്‍ത്തകര്‍ ഒരുമിച്ചത്. ആത്മാര്‍ത്ഥമായി ജോലി ചെയ്തിരുന്ന തങ്ങളില്‍ ഒരാളായ രഞ്ജിത ഇനി വരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല.
വിനയവും രോഗികളെ പരിപാലിക്കുമ്പോള്‍ ഏറെ ആത്മാര്‍ത്ഥതയുമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപ്രവര്‍ത്തക ലീന ഫര്‍ട്ടാഡോ പറഞ്ഞു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ ആരും മറക്കില്ലെന്നും അവര്‍ പറഞ്ഞു.
ചിരിയോടെ ഒപ്പം നിന്നിരുന്ന രഞ്ജിത ഇനിയില്ലെന്ന് ഓര്‍ക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് പലരും പറഞ്ഞു. ബഹുമാനവും സ്‌നേഹവും പുലര്‍ത്തിയിരുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു രഞ്ജിതയെന്നാണ് എല്ലാവരും അനുസ്മരിച്ചത്.
യുകെയില്‍ നഴ്‌സാകും മുമ്പ് ഒമാനിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്. അവിടത്തെ മലയാളി സമൂഹവും രഞ്ജിതയെ അനുസ്മരിച്ചിരുന്നു.
മക്കള്‍ക്കും കാന്‍സര്‍ രോഗിയായ അമ്മയ്ക്കുമൊപ്പം ഇനി കഴിയാമെന്ന സ്വപ്നമായിരുന്നു രഞ്ജിതയ്ക്ക്. നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കും മുമ്പ് ലണ്ടനിലെ ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിലാണ് പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി നായര്‍ (40) അപകടത്തില്‍പ്പെട്ടത്. 28ന് പാലുകാച്ചല്‍ ചടങ്ങും ഓണത്തോടനുബന്ധിച്ച് ഗൃഹപ്രവേശനവും നടത്താനിരിക്കുകയായിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നാഴ്സായി ജോലി നോക്കിയിരുന്ന രഞ്ജിത അഞ്ചു വര്‍ഷത്തെ അവധിയിലാണ് വിദേശത്തുപോയത്. ഒമാനിലെ മസ്‌കത്ത് എസ്‌ക്യൂ എച്ച് ആശുപത്രിയിലായിരുന്നു ആദ്യ ജോലി. കഴിഞ്ഞ സെപ്തംബറില്‍ ലണ്ടനില്‍ ജോലി ലഭിച്ചു. ആരോഗ്യവകുപ്പ് അനുവദിച്ച അവധി കാലാവധി അവസാനിക്കാറായതോടെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലണ്ടനിലെ ജോലി സ്ഥലത്തു നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഇന്നലെ അഹമ്മദാബാദില്‍ നിന്ന് വിമാനം കയറിയത്.
വീടുപണി പൂര്‍ത്തിയായാല്‍ നാട്ടില്‍ തിരികെ എത്തി സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക. വിവാഹമോചിതയായ രഞ്ജിതയ്ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്.