തിരുവനന്തപുരം: ആഴക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 മൂന്നാംദിനവും തിരുവനന്തപുരത്ത് തുടരുന്നു. ഇതോടെ യുദ്ധവിമാനത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. യാത്രാ വിമാനത്താവളം ആയതിനാലാണ് പ്രത്യേക സുരക്ഷ.
വിമാനത്താവളത്തിലെ ബേ നമ്പര്‍ നാലിലാണ് ഇപ്പോള്‍ വിമാനമുള്ളത്. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു യുദ്ധവിമാനം ഇവിടെ ഇറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക്സ് സംവിധാനത്തിനുണ്ടായ തകരാര്‍ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകിക്കുന്നത്.
അന്തര്‍ദേശീയ ബന്ധങ്ങളും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എഫ്-35 വിമാനത്തിനു സുരക്ഷയേര്‍പ്പെടുത്തിയതായി സിഐഎസ്എഫ് എക്‌സില്‍ കുറിച്ചു. വിമാനത്തിനു കാവലേര്‍പ്പെടുത്തിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും സംയുക്തമായി അറബിക്കടലില്‍ സംഘടിപ്പിച്ച സംയുക്ത സൈനികാഭ്യാസത്തിനായി എത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലിന്റെ ഭാഗമാണ് എഫ്-35.