യുകെയില്‍ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടരുന്നതിനിടെ ഇതിനു തടയിടാന്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. അഭയാര്‍ത്ഥിത്വം തേടി പരാജയപ്പെട്ട ആളുകളെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ മടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷകള്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
അനധികൃതമായി ആളുകള്‍ ബ്രിട്ടീഷ് മണ്ണില്‍ പ്രവേശിക്കുന്നത് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം ആളുകളെ തിരികെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങളുടെ സഹകരണം അനുസരിച്ചാകും വിസ അനുവദിക്കുകയെന്നാണ് സ്റ്റാര്‍മര്‍ വ്യക്തമാക്കുന്നത്.
സമാനമായ നിലപാട് യൂറോപ്പിലേക്കും, യുകെയിലേക്കും അഭയാര്‍ത്ഥിത്വത്തിനായി യാത്ര ചെയ്യുന്നവരെ തടയാന്‍ സഹായിക്കാത്ത രാജ്യങ്ങള്‍ക്ക് എതിരെയും സ്വീകരിക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇന്ത്യക്ക് പുറമെ അല്‍ബേനിയ, പാകിസ്ഥാന്‍, വിയറ്റ്‌നാം, ഇറാഖ്, ബംഗ്ലാദേശ് തുടങ്ങി 11 രാജ്യങ്ങളുമായി യുകെയ്ക്ക് പൗരന്‍മാരെ തിരിച്ചെടുക്കാന്‍ കരാറുണ്ട്. ഇതിന്റെ ബലത്തില്‍ യുകെയില്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്ന അല്‍ബേനിയന്‍ പൗരന്‍മാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി വ്യക്തമായിട്ടുണ്ട്.
ഇത്തരം കരാറില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സഹകരണം അനുസരിച്ച് അവരുടെ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നതിലും വ്യത്യാസം അനുഭവപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞുവെയ്ക്കുന്നത്. അതേസമയം യൂറോപ്പിലെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലെത്തുന്നത് തുടരുകയാണ്. ഓരോ അഞ്ച് മിനിറ്റിലും അനധികൃത ബോട്ടുകളില്‍ ഇവര്‍ തീരത്ത് പ്രവേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.