ജഗതിയുടെ അഭിനയ രീതിയെ വിമര്‍ശിച്ച ലാലിനെതിരെ പരിഹാസം
ജഗതി ശ്രീകുമാറിനെപ്പറ്റി നടനും സംവിധായകനുമായ ലാല്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കൈയില്‍ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമര്‍ശം. സംവിധായകനോട് മുന്‍കൂട്ടി പറയാതെ ഷോട്ടില്‍ കൈയില്‍ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ലാല്‍ പറയുന്നു. സംവിധായകന്‍ ചെയ്യാന്‍ പറഞ്ഞേല്‍പ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ' കേരള ക്രൈം ഫയല്‍സ്' വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന പ്ലസിനു നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാലിന്റെ വാക്കുകള്‍: അമ്പിളി ചേട്ടനെ പറ്റി പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ചില കാര്യങ്ങള്‍ കൈയില്‍ നിന്നും ഇട്ടു പറയുമെന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത ഒരു പ്രവണതയാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ സംവിധായകന്‍ പറയണം ഒന്നുകില്‍ അത് പറഞ്ഞിട്ട് ചെയ്യണമായിരുന്നു. അല്ലെങ്കില്‍ നന്നായിരുന്നു. അതുമല്ലെങ്കില്‍ ഇത് വേണ്ട എന്ന് തന്നെ വ്യക്തമാക്കണം. അതല്ലാതെ അതൊരു കഴിവായിട്ടോ മിടുക്കായിട്ടോ കാണാന്‍ പറ്റില്ല. അത് ഏതു വലിയ നടനാണെങ്കിലും. കാരണം അത് ആ സീനിനെ ഹര്‍ട്ട് ചെയ്യും. നമ്മള്‍ ഒരു കാര്യത്തെക്കുറിച്ച് തീരുമാനിച്ചാണ് ചെയ്യുന്നത് ഒരു ഡയലോഗ് കഴിഞ്ഞാല്‍ ഇങ്ങനെ എന്ന രീതിയില്‍. ഒരുപക്ഷേ ആ ഡയലോഗിന് പിന്താങ്ങി ആയിരിക്കും അടുത്ത സീന്‍ വരുന്നത്. ചിലപ്പോള്‍ കൂടെ നില്‍ക്കുന്ന നടന്‍ ബാക്കി പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് ഒപ്പിക്കല്‍ മാത്രമായിരിക്കും. അത് കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിന്റെ പരാജയമായി മാറും.
എന്നാല്‍ ലാലിനെതിരെ രൂക്ഷമായ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കഴിവുള്ള അഭേനേതാക്കള്‍ ജഗതിക്കൊപ്പം അഭിനയിച്ചു സീനുകള്‍ മനോഹരമാകാറുണ്ടെന്നും ജഗതിയുള്ള കോമഡി സീന് കളുടെ ഭാഗത്തു തിരക്കഥാകൃത്തുക്കള്‍ കാര്യമായി ഒന്നും എഴുതാറുപോലുമില്ലെന്നും വിമര്‍ശകര്‍ പറയുന്നു. ലാലിന്റെ അഭിനയത്തേയും പലരും വിമര്‍ശിക്കുന്നുണ്ട്.