മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിനെ ആദരിച്ച് ശ്രീലങ്കന്‍ പാര്‍ലമെന്റ്. ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹന്‍ലാല്‍ പാര്‍ലമെന്റിലെത്തിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് തനിക്കുതന്ന ആദരവില്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചു.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ സഭയില്‍ ആദരിക്കപ്പെട്ടത്. ഗാലറിയിലാണ് അദ്ദേഹം ഇരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹ് മോഹന്‍ലാലിനെ സഭാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. തന്റെ പേരുവിളിക്കുമ്പോള്‍ താരം ഗാലറിയില്‍നിന്ന് ബഹുമാനത്തോടെ എഴുന്നേല്‍ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കര്‍ ഡോ. ജഗത് വിക്രമരത്നെ, ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹ് എന്നിവരെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ശ്രീലങ്കന്‍ പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ കുശാനി റൊഹനദീരയും കൂടിക്കാഴ്ചയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ലഭിച്ച ഹൃദ്യമായ സ്വീകരണത്തില്‍ അതിയായി അഭിമാനിക്കുന്നുവെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യയെയും, സ്പീക്കര്‍ ഡോ. ജഗത് വിക്രമരത്നയെയും, ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹിനെയും, പ്രിയ സുഹൃത്ത് ഇഷാന്ത രത്നായകയെയും കാണാന്‍ സാധിച്ചത് ഒരു യഥാര്‍ത്ഥ ഭാഗ്യമായിരുന്നു. ഈ ശ്രീലങ്കര്‍ സന്ദര്‍ശനത്തെ അവിസ്മരണീയമാക്കിയതിന് ഏറെ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.
മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ എട്ടാമത്തെ ഷെഡ്യൂളിനുവേണ്ടിയാണ് മോഹന്‍ലാല്‍ ശ്രീലങ്കയിലെത്തിയത്. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഒരുമിക്കുന്ന രംഗങ്ങളാണ് എട്ടാമത്തെ ഷെഡ്യൂളിര്‍ ചിത്രീകരിക്കുക. നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവരും സിനിമയുടെ ഭാഗമായുണ്ട്.
മനുഷ് നന്ദനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മാണം. സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. രാജേഷ് കൃഷ്ണയും സി.വി.സാരഥിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.