തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് ചെയ്‌ത ബ്രിട്ടീഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്‌ചയിലേറെ സമയമെടുത്തേക്കും. വിമാനവാഹിനി കപ്പലില്‍ നിന്ന് കഴിഞ്ഞ ദിവസമെത്തിയ രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് തകരാര്‍ പരിഹരിക്കാനായിട്ടില്ല. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്ന് വിദഗ്ദ്ധര്‍ ഉടന്‍ എത്തുമെന്നാണ് വിവരം.
ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് വിമാനം മാറ്റിയേക്കും. ഇന്തോ -പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്‌എംഎസ് പ്രിന്‍സ് ഓഫ് വെയ്‌ല്‍സില്‍ നിന്ന് പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്‌ചയാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്.
അതിനിടെ, വിമാനം അടിച്ചു മാറ്റി ഒ.എല്‍.എക്‌സില്‍ 'വില്‍പ്പനയ്ക്ക് വച്ച്' സോഷ്യല്‍മീഡിയ'യും. നാല് മില്യണ്‍ യുഎസ് ഡോളര്‍ വിലയിട്ടെന്നും സോഷ്യല്‍മീഡിയതില്‍ പ്രചരിക്കുന്നു. ഇതുകേട്ട് ഒ.എല്‍.എക്‌സില്‍ പരതിയവര്‍ക്ക് പരസ്യം കാണാനുമായില്ല. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ 'ലേഡിഡോക്ടര്‍ യൂസ്ഡ്, ഫുള്ളി ഓട്ടോമാറ്റിക്, സെക്കന്റ് ഓണര്‍, ബ്രാന്‍ഡ് ന്യൂ ടയര്‍, ന്യൂ ബാറ്ററി' എന്നതൊക്കെയാണ് പ്രത്യേകതകളായി നല്‍കിയിരിക്കുന്നത്.