തിരുവനന്തപുരം: യുകെ സ്റ്റുഡന്റ് വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 65 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുവള്ളൂര്‍ ചൗളാ നഗര്‍ സ്വദേശി അജീഷ്(37) ആണ് പിടിയിലായത്. പൂന്തുറ സ്വദേശി ജീനിനെയാണ് ഇയാള്‍ കബളിപ്പിച്ചത്.
ജീനിനും സുഹൃത്തുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്താമെന്നു പറഞ്ഞാണ് അജീഷ് പണം തട്ടിയെടുത്തത്. 2022ല്‍ ആയിരുന്നു സംഭവം. വഞ്ചനാക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
ഹോങ്കോങ്ങിലേക്കു പോകാനായി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ അജീഷിനെ മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ബി.എം.ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.