വിദേശ ഡോക്ടര്‍മാര്‍ ബ്രിട്ടന്‍ ഒഴിവാക്കുന്നു. യുകെയിലേക്ക് വരാനും, ജോലി ചെയ്യാനും വിദേശ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നതിലേക്ക് നയിക്കുന്നത് കുറഞ്ഞ ശമ്പളവും, ഉയര്‍ന്ന ജീവിതച്ചെലവും, മോശം ജീവിതനിലവാരവുമാണെന്നാണ് കണ്ടെത്തല്‍.
ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിലാണ് വിദേശ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ യുകെയെ ഉപേക്ഷിച്ച് മെച്ചപ്പെട്ട വരുമാനവും, ജീവിതവും നല്‍കുന്ന യുഎസിലേക്കും, ഓസ്‌ട്രേലിയ, കാനഡ പോലുള്ള രാജ്യങ്ങളിലേക്കും പോകുന്നതെന്ന് വ്യക്തമായത്.
ജിഎംസി നടത്തിയ സര്‍വ്വെയില്‍ വിദേശ ഡോക്ടര്‍മാരില്‍ 84 ശതമാനം പേരാണ് മറ്റ് രാജ്യങ്ങള്‍ ബ്രിട്ടനേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുന്നതായി ചൂണ്ടിക്കാണിച്ചത്. കേവലം 5 ശതമാനമാണ് മറിച്ച് അഭിപ്രായപ്പെട്ടത്.
ജീവിതച്ചെലവ്, ജീവിതനിലവാരം എന്നീ വിഷയങ്ങളിലും യുകെയ്ക്ക് മോശം റേറ്റിംഗാണ് ഇവര്‍ നല്‍കുന്നത്. യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ 29% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്നതിന് അംഗീകാരം നേടാന്‍ ബിഎംഎ വോട്ടിംഗ് നടത്തുമ്പോഴാണ് ഈ ദുരവസ്ഥ പുറത്തുവരുന്നത്.
യുകെയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍ ഇത്തരമൊരു ആശങ്ക നേരിടുന്നത് വിഷയമായി കണ്ട് പരിഹരിക്കേണ്ടതുണ്ടെന്ന് ജിഎംസി ചീഫ് എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാണിച്ചു.