സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെ പേരില്‍ നിന്നും മാറ്റണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരിക്കുന്നത്. നിയമ വഴി തേടണമെന്നാണ് സംവിധായകനോട് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.
പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം ജൂണ്‍ 27-ന് ആഗോള റിലീസായി തീയേറ്ററുകളില്‍ എത്താനിരിക്കവെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍ തുടങ്ങിയവരും ചത്രത്തില്‍ അഭിനയിക്കുന്നുണ്ട്.