മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തേക്ക് നടന്‍ മോഹന്‍ലാല്‍ ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. പുതിയ ഭരണസമിതി നിലവിലില്ലാത്തത് കൊണ്ട് മലയാള സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയായില്ല എന്നാണ് വിവരം.
പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത് നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മോഹന്‍ലാല്‍ വോട്ടെടുപ്പില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് ജനറല്‍ ബോഡ് തീരുമാനിക്കുമെന്നും രാജിവച്ച് അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരുന്നവര്‍ വീണ്ടും ഭരണസമിതിയില്‍ വരട്ടെ എന്നുള്ള ചര്‍ച്ചകളായിരുന്നു സജീവമായത്.
എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹന്‍ലാല്‍ നിലപാട് സ്വീകരിച്ചു. ജനറല്‍ ബോഡിയില്‍ 20ഓളം പേര്‍ മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിക്കുകയുണ്ടായി. തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പ്രതിഷേധിക്കുന്ന സാഹചര്യമുണ്ടായി. ചില താരങ്ങള്‍ ജനറല്‍ ബോഡിയില്‍ വൈകാരികമായി പ്രതികരിച്ചെന്നും വിവരമുണ്ട്. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹന്‍ലാല്‍ ഉറപ്പിച്ചു പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്തി പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടയെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം. ഇതോടെ അഡ്‌ഹോക്ക് കമ്മിറ്റി മൂന്ന് മാസം കൂടി തുടരാനും അതിനുശേഷം തിരഞ്ഞെടുപ്പ് നടത്താമെന്നും തീരുമാനിക്കുകയായിരുന്നു.
അംഗങ്ങള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയ്ക്ക് ധാര്‍മിക ഉത്തരവാദിത്തമുള്ളതിനാല്‍ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സംഘടന തിരഞ്ഞെടുപ്പിലേക്ക് പോകുന്നതാണ് ഉചിതമെന്നും മോഹന്‍ലാല്‍ പറഞ്ഞെന്നാണ് വിവരം. എന്നാല്‍ ലാലിനെപ്പോലെയുള്ള ഒരു ഗജവീരനാണ് അമ്മയുടെ പ്രസിഡന്റ് ആകേണ്ടതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
സംഘടന പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായത് ലാലിനെ വേദനിപ്പിച്ചെന്ന് ജഗദീഷ് പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ തുടരണമെന്നുള്ളവര്‍ കൈ പൊക്കണമെന്ന് ബൈജു സന്തോഷ് ആവശ്യപ്പെട്ടപ്പോള്‍ അംഗങ്ങള്‍ ഒന്നടങ്കം കൈ പൊക്കി. എന്നാല്‍ ഇനിയും സമയമുണ്ടല്ലോ, മത്സരിക്കുന്ന കാര്യമൊക്കെ പിന്നീട് തീരുമാനിക്കാമല്ലോ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അഡ്‌ഹോക് കമ്മിറ്റി ഉടന്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് തീയതിയും നടപടിക്രമങ്ങളും നിശ്ചയിക്കും. മത്സരത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തും. അഡ്‌ഹോക് കമ്മിറ്റിക്ക് തുടരാവുന്ന കാലാവധി അതിക്രമിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പറഞ്ഞു. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലെ സെക്രട്ടറി സിദ്ദിഖ് പീഡനക്കേസിനെ തുടര്‍ന്ന് ആഗസ്റ്റ് 27ന് രാജി വച്ചതോടെ അഡ്‌ഹോക് കമ്മിറ്റിയാണ് തുടര്‍ന്നിരുന്നത്.
അമ്മയുടെ 31ാമത് വാര്‍ഷിക പൊതുയോഗമാണ് കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. 13 വര്‍ഷത്തിന് ശേഷം ജഗതി ശ്രീകുമാര്‍ യോഗത്തില്‍ പങ്കെടുത്തു. മമ്മൂട്ടി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, നിവന്‍ പോളി, മുകേഷ് തുടങ്ങിയവര്‍ എത്തിയില്ല.