നാട്ടുവാര്‍ത്തകള്‍

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്ക് വിട നല്‍കാന്‍ ജന്മനാട്; മൃതദേഹം കേരളത്തിലെത്തിച്ചു


തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ലണ്ടനില്‍ നഴ്സായിരുന്ന, പത്തനംതിട്ട സ്വദേശി രഞ്ജിത (38)യുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആ‍ര്‍ അനില്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവ‍ര്‍ വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അ‍ര്‍പ്പിച്ചു.

ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ദുരന്തം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലെത്തിയ സഹോദരന്‍ രതീഷിന്റെ ഡി.എന്‍.എ സാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതാണ് ഫലം വൈകാന്‍ കാരണമായത്. തുടര്‍ന്ന് മാതാവ് തുളസിയുടെ രക്ത സാമ്പിള്‍ നാട്ടില്‍ നിന്ന് ശേഖരിച്ച് ഗാന്ധിനഗറിലെ ലാബില്‍ എത്തിച്ചതിനുശേഷം പരിശോധന നടത്തുകയായിരുന്നു. സഹോദരന്‍ ഇന്നലെ മൃതദേഹം ഏറ്റുവാങ്ങിയിരുന്നു. അപകട സ്ഥലത്തുനിന്ന് ലഭിച്ച രഞ്ജിതയുടെ ആഭരണങ്ങള്‍, ചെരുപ്പ്, ബാഗ് എന്നിവയും സഹോദരന് കൈമാറി. ബന്ധു ഉണ്ണികൃഷ്‌ണനും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തമെത്തിയത്.

രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രഞ്ജിത. ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും അമ്മയും അനാഥരായത്. 2014 ല്‍ സലാലയില്‍ നഴ്‌സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി.

ഏഴുമാസം മുന്‍പാണ് ലണ്ടനിലേക്ക് മാറിയത്. മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് നാട്ടില്‍ വീട് പണി തുടങ്ങിയത്.

വീടുപണി പൂര്‍ത്തിയായാല്‍ നാട്ടില്‍ തിരികെ എത്തി സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. പലപ്പോഴായി എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് മാസം മുമ്പും വന്നു പോയതാണ്. ചില രേഖകളില്‍ സ്വയംസാക്ഷ്യപ്പെടുത്തല്‍ ആവശ്യമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു. കാന്‍സര്‍ രോഗിയായ അമ്മ തുളസിയും രണ്ട് മകളെയും താമസിച്ചിരുന്ന വീട് നന്നേ ചെറിയതായിരുന്നു. രണ്ട് മുറി എങ്കിലും പൂര്‍ത്തിയാക്കി പുതിയ വീട്ടിലേക്ക് അവരെ മാറ്റണമെന്നായിരുന്നു ആഗ്രഹം. 28 ന് പാല്കച്ചല്‍ ചടങ്ങ് പോലും തീരുമാനിച്ചു.

ഓണം ആകുമ്പോഴേക്കും തിരികെ എത്തി ഇനിയുള്ള കാലം നാട്ടില്‍ ജോലി ചെയ്തു മക്കളോടൊപ്പം കഴിയാം എന്നും രഞ്ജിത ആഗ്രഹിച്ചിരുന്നു. വീട്ടില്‍ നിന്ന് പോകുമ്പോഴും ആ സന്തോഷം മക്കളുമായി പങ്കുവെച്ചാണ് ഇറങ്ങിയത്. ഇന്നലെ ഉച്ചയോടെ വിയോഗ വാര്‍ത്തയാണ് കുടുംബത്തെ തേടി എത്തിയതു. പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions