മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസമാണ് നടന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.
എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂര്‍ സ്വദേശി പ്രസാദിന്റെ അറസ്റ്റില്‍ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് തിരിഞ്ഞത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്രീകാന്ത് സ്വകാര്യ പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. കേസില്‍ ശ്രീകാന്തിന് പുറമെ മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു ഗ്രാം കൊക്കെയ്ന് 12,000 രൂപ നിരക്കില്‍ ശ്രീകാന്തിന് നല്‍കിയതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇത്തരത്തില്‍ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിള്‍ പേ വഴി നല്‍കി നടന്‍ തന്റെ കൈയില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.