ആരെയും അടുപ്പിക്കാതെ 10 ദിവസം; ബ്രിട്ടന്റെ F 35 'കെട്ടിവലിയ്ക്കും'
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിവന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35 പത്തു ദിവസമായിട്ടും ഇനിയും കൊണ്ടുപോകാനായിട്ടില്ല. അമേരിക്കന്‍ നിര്‍മിതമായ അത്യാധുനിക യുദ്ധവിമാനത്തിന്റെ രഹസ്യം പുറത്താവാതെ ഇരിക്കുന്നതിന് വ്യോമസേനയുടെയോ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരുടെയോ സഹായം തേടാന്‍ യുകെ വിമുഖത കാണിക്കുകയാണ്. ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല. ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും വിമാനത്തിന്റെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുന്നു, ഒപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.
പത്ത് ദിവസമായി വിമാനത്താവളത്തില്‍ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിന്റെ കേടുപാട് പരിഹരിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ 40 അംഗസംഘം എത്തുന്നുണ്ടെന്നാണ് വിവിരം. ബ്രിട്ടിഷ് സേനയുടെ ഭാഗമായവര്‍ കൂടി ഉള്‍പ്പെടുന്ന സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.ഇനിയും വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എയര്‍ ലിഫ്റ്റിങ് വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരം.
സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സുരക്ഷവിലയിരുത്തിയ ശേഷം സൈനിക വിമാനത്തില്‍ എഫ് 35 ബ്രിട്ടണിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായാണ് നിലവിലെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കുക എന്നത് ശ്രമകരമെന്നാണ് വിവരം. ഇനി വരുന്ന 40 അംഗസംഘത്തിന് പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ വിമാനം എയയര്‍ലിഫ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഹൈഡ്രോളിക് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താതെ വിമാനം തിരിച്ചുപറക്കുന്നത് സുരക്ഷിതമല്ല എന്നതിനാലാണ് ഇത്. വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതര്‍ നല്‍കേണ്ടി വരും. എത്ര നിരക്കാണ് ഈടാക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ പറയുന്നു. വിമാനത്തിനു സിഐഎസ്എഫ് നല്‍കുന്ന സുരക്ഷ തുടരുകയാണ്.
നേരത്തെ വിമാനത്തിന്റെ സങ്കേതികത്തകരാര്‍ കണ്ടെത്തുന്നതിനായി ബ്രിട്ടണില്‍ നിന്ന് അഞ്ചുപേര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് രണ്ടു സാങ്കേതികവിദഗ്ദ്ധരും ഇതിനിടെ മടങ്ങി. പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ യുദ്ധവിമാനത്തിന്റെ ചുമതലയേറ്റെടുത്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും 30 അംഗ വിദഗ്ദ്ധസംഘം തിരുവനന്തപുരത്തെത്തുന്നത്. എഫ്-35 പരിശോധിക്കാനും വിമാനത്തെ തിരികെ ബ്രിട്ടനിലേക്കു കൊണ്ടുപോകാനും പൂര്‍ണസജ്ജമായാണ് സംഘം വരുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീല്‍ഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണു സൂചന.