ശാലീന സൗന്ദര്യവുമായി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത താരമാണ് സംവൃത സുനില്‍. വളരെ ചുരുക്കം സിനിമകള്‍ ചെയ്താണ് പ്രേക്ഷകമനസ്സ് കീഴടക്കിയത്. പിന്നീട് വിവാഹം കഴിഞ്ഞതിന് പിന്നാലെ സംവൃത ഏറെക്കാലം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ശേഷം 2019-ല്‍ തിരിച്ചുവന്നെങ്കിലും രണ്ടുസിനിമകളില്‍ മാത്രമായിരുന്നു താരം അഭിനയിച്ചത്. അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് പ്രത്യേക മമത ഇന്നും സംവൃതയോടുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി പ്രേക്ഷകര്‍ അതുകൊണ്ടു തന്നെ കാത്തിരിക്കുന്നുമുണ്ട്.
ഇപ്പോഴിതാ, തന്റെ തിരിച്ചുവരവിനെക്കുറിച്ച് കുടംബിനിയായ ശേഷമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് സംവൃത. തിരക്കേറിയ ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് അതിയായി ആഗ്രഹിച്ച സമയത്തായിരുന്നു തന്റെ കല്യാണമെന്നും ഇപ്പോഴും പഴയ സുഹൃത്തുക്കളുമായി അടുപ്പമുണ്ടെന്നും സംവൃത പറയുന്നു.
'2012-ല്‍ അയാളും ഞാനും തമ്മില്‍ ചെയ്തശേഷം ഒരു ഇടവേളയ്ക്കുവേണ്ടി കൊതിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുനാള് ഫ്രീയായി ഇരിക്കണം. തുടര്‍ച്ചയായി ഷൂട്ടിങ്, ഒരേവര്‍ഷം കുറേ സിനിമകള്‍ ചെയ്തു. ആ തിരക്കുള്ള ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് തോന്നുന്ന സമയത്താണ് കല്യാണം. മനപ്പൂര്‍വ്വമായി എടുത്ത ബ്രേക്ക് ആയിരുന്നു. അന്ന് താല്‍ക്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തില്‍. കല്യാണം കഴിച്ച് പോവുന്നത് യുഎസിലേക്കായിരുന്നതു കാരണം, അവിടെ എന്നെ ആര്‍ക്കും അറിയില്ല. അതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടാവാതിരുന്ന സ്വകാര്യജീവിതം എനിക്ക് ആദ്യമായി അനുഭവിക്കാന്‍ കഴിയുന്നത് അവിടെപ്പോയപ്പോഴാണ്.
ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. ചുമ്മാ നടക്കുക, ഷോപ്പിങ്ങിന് പോവുക, പലചരക്കുകടയില്‍ പോവുക, പാചകപരീക്ഷണം നടത്തുക, ജീവിതത്തിന്റെ അങ്ങനെയൊരു മോഡിലേക്ക് ഈസിയായി ഞാന്‍ മാറി. ഒട്ടും ബുദ്ധിമുട്ടേറിയത് ആയിരുന്നില്ല അത്. കുറച്ചു വര്‍ഷങ്ങള്‍ വളരെ ഈസിയായിരുന്നു. പിന്നീടാണ് ആദ്യ കുഞ്ഞ് അഗസ്ത്യ ഉണ്ടായി, ആ തിരക്കുകളിലായി. അങ്ങനെ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി ഒന്ന് തിരിച്ചു വരണമെന്ന്. ഒരു സിനിമ ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന സിനിമ ചെയ്തത്.
ഞാന്‍ രസികനിലൂടെ സിനിമയിലേക്ക് വന്നത് 17 വയസ്സുള്ളപ്പോഴാണ്. ഒരു സുരക്ഷിതമായ ചുറ്റുപാടില്‍ ജീവിച്ചു വളര്‍ന്ന എനിക്ക് സെലിബ്രിറ്റി ലൈഫ് ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. സിനിമയിലെത്തിയ ശേഷവും ഞാനൊരു പ്രൊട്ടക്ടഡ് അന്തരീക്ഷത്തിലാണ് ജീവിച്ചിരുന്നത്. എന്നാല്‍ വിവാഹശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ സിനിമയിലെത്തിയപ്പോള്‍ ഒരു പക്വതയുള്ള അമ്മയുടെ കഥാപാത്രമാണ് ചെയ്തത്. ഞാനുമൊരു അമ്മയായതു കൊണ്ട് അത് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റി. അങ്ങനെ നോക്കുമ്പോള്‍ ജീവിതം എനിക്ക് കുറച്ച് നല്ല പാഠങ്ങള്‍ തന്നു, അറിവുകള്‍ തന്നു. അതുകൊണ്ടു തന്നെ ഇനിയെപ്പോഴെങ്കിലും സിനിമയില്‍ അവസരം കിട്ടിയാല്‍ കൂടുതല്‍ പക്വതയുള്ള കഥാപാത്രങ്ങള്‍ ആഴത്തില്‍ ഉള്‍ക്കൊണ്ട് ചെയ്യാന്‍ കഴിഞ്ഞേക്കും. നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. ചില സ്ക്രിപ്റ്റുകളൊക്കെ കേള്‍ക്കുന്നുണ്ട്. എനിക്ക് ചെയ്യണമെന്ന് താത്പര്യം തോന്നുന്ന പ്രൊജക്ട് വന്നാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും...’’ സംവൃത പറയുന്നു.
'ഇന്‍ഡസ്ട്രിയിലുള്ള കുറച്ചു പേരുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. പക്ഷേ എല്ലാവരും പണ്ടത്തെപ്പോലെയല്ലല്ലോ, എല്ലാവരും ജീവിതത്തിരക്കുകളിലല്ലേ. എങ്കിലും ഇടയ്ക്ക് വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്. ചിലരെയൊക്കെ നാട്ടിലെത്തുമ്പോള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. ജയേട്ടന്‍ (ജയസൂര്യ), ഇന്ദ്രേട്ടന് (ഇന്ദ്രജിത്ത്), പൃഥ്വി (പൃഥ്വിരാജ്) ഒക്കെ. ഇത്തവണ വന്നപ്പോള്‍ അര്‍ച്ചന കവിയെ കണ്ടു. അര്‍ച്ചനേനെ നീലത്താമര കഴിഞ്ഞ് ഒരുപാട് നാളിന് ശേഷമാണ് കണ്ടത്. പിന്നെ ഗോപികയുമായി ഇപ്പോഴും കണക്ഷനുണ്ട്. ഓസ്ട്രേലിയയില്‍ സെറ്റില്‍ഡാണവള്‍. മീര നന്ദനുമായും കോണ്‍ടാക്ട് ഉണ്ട്. എപ്പോഴും കാണുമെന്നല്ല, എന്നാലും വിളിക്കാറുണ്ട്. ഒരു ഓള്‍ഡ് വാട്സ് അപ്പ് ഗ്രൂപ്പുണ്ട് ഞങ്ങള്‍ക്ക്. അതിന്റെ പേരൊന്നും പക്ഷേ പറയില്ല....' ചിരിച്ചു കൊണ്ട് സംവൃത പറയുന്നു. എഫ്.ടി.ക്യൂ വിത്ത് രേഖാ മേനോന്‍ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ചുരുക്കം സിനിമകളിലേ അഭിനയിച്ചുള്ളുവെങ്കിലും സംവൃത ചെയ്ത കഥാപാത്രങ്ങള്‍ ഏറെ പ്രശംസയും കൈയടിയും നേടിയിട്ടുള്ളതാണ്. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, ചോക്ലേറ്റ് തുടങ്ങിയ സിനിമകള്‍ അതില്‍ ചിലതു മാത്രമാണ്. ഒരു ഘട്ടത്തില്‍ ഹിറ്റുകളും നിരൂപക പ്രശംസയും നേടിയ കുറെ സിനിമകള്‍ സംവൃതയ്ക്ക് തുടരെത്തുടരെ ലഭിച്ചു. ഡയമണ്ട് നെക്വേസ്, അയാളും ഞാനും തമ്മില്‍, അരികെ തുടങ്ങിയ സിനിമകള്‍ സംവൃതയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ സിനിമകളാണ്. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംവൃതയുടെ വിവാഹം. യുഎസില്‍ എഞ്ചിനീയറായ അഖില്‍ ജയരാജനെയാണ് സംവൃത വിവാഹം ചെയ്തത്. വിവാഹ ശേഷം കരിയര്‍ വിട്ട് കുടുംബ ജീവിതത്തിലേക്ക് താരം മാറി. ആദ്യ മകന്‍ അഗസ്ത്യ ജനിച്ച ശേഷം സിനിമയിലേക്ക് മടങ്ങിയ സംവൃത വീണ്ടും യുഎസ്സിലേക്ക് മടങ്ങി. ഇതിനിടയില്‍ താരത്തിന് രുദ്ര എന്ന മകനും ജനിച്ചു.