ആര്‍എഎഫ് ബ്രൈസ് നോര്‍ട്ടണിലെ സൈനിക വിമാനം അതിക്രമിച്ചു കയറി പെയിന്റ് അടിച്ചു നശിപ്പിച്ച സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു പലസ്തീന്‍ അനുകൂല സംഘടന ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ആക്ഷന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജില്‍, ഓക്‌സ്‌ഫോര്‍ഡ്‌ഷെയര്‍ എയര്‍ബേസിനുള്ളില്‍ രണ്ടു പേരെ കാണാം. ഇതില്‍ ഒരാള്‍ സ്‌കൂട്ടറില്‍ ഒരു എയര്‍ബസ് വോയേജറില്‍ കയറി അതിന്റെ ജെറ്റ് എഞ്ചിനില്‍ പെയിന്റ് തളിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
29 കാരിയായ ഒരു സ്ത്രീയെയും ലണ്ടനില്‍ നിന്നുള്ള 36 ഉം 24 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയും തീവ്രവാദ കുറ്റം ചുമത്തി സൗത്ത് ഈസ്റ്റ് കൗണ്ടര്‍ ടെററിസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളെ സഹായിച്ചുവെന്ന സംശയത്തില്‍ 41 വയസ്സുള്ള ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്‌തു. 24, 29, 36 വയസ്സ് പ്രായമുള്ള പ്രതികളെ ഭീകരവാദ നിയമം 2000 ത്തിലെ സെക്ഷന്‍ 41 പ്രകാരം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ബെര്‍ക്ക്‌ഷെയറിലെ ന്യൂബറിയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. പ്രതികള്‍ എല്ലാവരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ ആണ്.
അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ പാലസ്തീന്‍ ആക്ഷന്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ ഗ്രൂപ്പില്‍ അംഗമാകുകയോ പിന്തുണ ക്ഷണിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും. ജൂണ്‍ 30 ന് പാര്‍ലമെന്റിന് മുന്നില്‍ ഒരു കരട് നിരോധന ഉത്തരവ് അവതരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു. ഈ ഒരു സംഭവം വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് പത്ര സമ്മേളത്തില്‍ അറിയിച്ചു.