അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ജോലിസ്ഥലത്ത് ആഘോഷം നടത്തുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, നാല് ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് ഗേറ്റ്വേ സേവന ദാതാവായ എയര്‍ ഇന്ത്യ എസ്എടിഎസിന്റെ നാല് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെ പിരിച്ചുവിട്ടു. ഇവരുടെ ആഘോഷ വീഡിയോ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പാര്‍ട്ടി നടന്ന തീയതി കമ്പനി പരാമര്‍ശിച്ചില്ല എങ്കിലും 275 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനം എഐ 171 അഹമ്മദാബാദില്‍ ദാരുണമായി തകര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എഐഎസ്എടിഎസിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും പശ്ചാത്തലത്തില്‍ സംഗീതം പ്ലേ ചെയ്യുന്നതും കാണാം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരികെ ലഭിക്കുന്നതിനായി കാത്തിരിക്കുന്ന വേളയിലെ ആഘോഷം വിവേകശൂന്യമെന്ന് പലരും വിമര്‍ശിച്ചു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും സിംഗപ്പൂരിലെ SATS ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ AISATS പുറത്തിറക്കിയ പ്രസ്താവനയില്‍, പാര്‍ട്ടിക്ക് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ 'കര്‍ശനമായ അച്ചടക്ക നടപടി' സ്വീകരിച്ചതായി പറഞ്ഞു.
എസ്വിപി സംപ്രീത്, പരിശീലന മേധാവി എസ്വിപി ബല്‍ജിന്ദര്‍, സിഒഒ എബ്രഹാം സക്കറിയ എന്നിവരുള്‍പ്പെടെ നാല് മുതിര്‍ന്ന ജീവനക്കാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോലിസ്ഥലത്ത് ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്നതിനെതിരെ കമ്പനിയുടെ ഉന്നത നേതൃത്വം മറ്റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.