നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്‌ത്രക്രിയാ പ്രതിസന്ധി ഉണ്ടെന്നും ഇല്ലെന്നും


തിരുവനന്തപുരം: സാധാരണക്കാരായ രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധിയെന്ന ആരോപണവുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹാരിസ് മെഡിക്കല്‍ കോളേജിലെ അവസ്ഥ പങ്കുവെച്ചത്. ഉപകരണങ്ങളുടെ ക്ഷാമം, അവ പരിഹരിക്കാന്‍ താത്പര്യമിലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍ എന്നിവയെല്ലാം കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഡോ ഹാരിസ് പറയുന്നു. തുടര്‍ന്ന് വകുപ്പ് മേധാവികള്‍ക്ക് പര്‍ച്ചേസിംഗ് പവര്‍ ഇല്ലാത്തത് മൂലമുള്ള നിസ്സഹായാവസ്ഥയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. പലരോടും അപേക്ഷിച്ചിട്ടും നടക്കാത്തതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളോട് പറയുന്നതെന്നും ജോലി രാജിവെച്ചുപോകാനാണ് തോന്നുന്നതെന്നും ഡോ ഹാരിസ് കുറിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായാവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റിവെയ്ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാല്‍ അവശരായ നിരവധി സാധാരണ ജനങ്ങള്‍ ചികിത്സയ്ക്കായി ഒരു വശത്ത്, എതിര്‍വശത്ത് ഉപകരണങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍. നിസ്സഹായാവസ്ഥയില്‍ ആകുന്നത് ഡോക്ടര്‍മാരും വകുപ്പ് മേധാവിയും.


ഒരു രൂപയുടെ പോലും പര്‍ച്ചേസിംഗ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങള്‍ വിശദീകരിച്ചും മടുത്തു. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി ആകുകയോ ഉപകരണം വാങ്ങിത്തരികയോ ചെയ്യാത്തതിനാല്‍ ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തതില്‍ ഒരാള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തു എന്ന് അവനോട് പറയുമ്പോള്‍ ലജ്ജയും നിരാശയും ആണ് തോന്നുന്നത്.

ഇതുപോലെ എത്രയോ പേര്‍. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവര്‍, കൂടെ ഇരിക്കാന്‍ ബന്ധുക്കള്‍ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിര്‍ത്തുന്നവര്‍, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിര്‍ത്തി ലോണെടുത്തും ചികിത്സയ്ക്ക് വരുന്നവര്‍, ബന്ധുക്കള്‍ അനാഥാലയങ്ങളില്‍ തള്ളിയവര്‍, ലോട്ടറി കച്ചവടം ചെയ്തും വഴിയില്‍ ഭിക്ഷയെടുത്തും വരുന്ന ധാരാളം പേര്‍. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാന്‍ മെഡിക്കല്‍ കോളേജില്‍ കാണുന്നത്. അവര്‍ക്ക് കൃത്യസമയത്ത്, മികച്ച ചികിത്സ നല്‍കാന്‍ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടര്‍മാരും രാപ്പകല്‍ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്നില്‍ നില്‍ക്കുന്നു.

പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങള്‍ വാങ്ങിത്തരുന്നത് കൊണ്ടാണ് കുറേയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്. മാസങ്ങളോളം രോഗികള്‍ ഓപ്പറേഷന് കാത്തിരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ഡോക്ടര്‍മാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസില്‍ വരുന്നു.

പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. സര്‍വീസ് തന്നെ മടുത്തിരിക്കുകയാണെന്നും നടപടി ഉണ്ടായിക്കോട്ടെ എന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടെയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമാണ് ഹാരിസ് ചിറയ്ക്കല്‍ ആരോപിച്ചത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടുപോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്നില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സമ്മര്‍ദമുണ്ടായിട്ടുണ്ട്. പോസ്റ്റ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു. ഇന്നലെയും ശസ്ത്രക്രിയ മുടങ്ങി. ഇതോടെ കൂട്ടിരിപ്പുകാര്‍ ദേഷ്യപ്പെട്ടിരുന്നു. സിപിഎം നേതാവ് കരമന ഹരി വിളിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായി സംസാരിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞിരുന്നു. എട്ടുമാസം മുന്‍പ് മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ ഉറപ്പിലാണ് പോസ്റ്റ് പിന്‍വലിച്ചത്. ജീവിതം മടുത്തുവെന്ന് എഴുതിയിട്ടതുകൊണ്ടാണ് വീട്ടില്‍ പൊലീസ് വന്നത്', ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.

വെളിപ്പെടുത്തലിന് പിന്നാലെ ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ഹാരിസിന്റെ വീട്ടില്‍ പൊലീസ് എത്തിയിരുന്നു. അവസാനം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ എന്ന് പരാമര്‍ശമുണ്ടായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പൊലീസ് കമലേശ്വരത്തെ ഡോക്ടറുടെ വീട്ടിലെത്തിയത്.

നേരത്തെ ഡോ. ഹാരിസ് ചിറക്കലിന്റെ വാദം തള്ളി ഡിഎംഇ രംഗത്തെത്തിയിരുന്നു. ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കി. ഹാരിസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും ഡിഎംഇ അറിയിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിഷയം ഡിഎംഇയുടെ ശ്രദ്ധയിലുംപെട്ടിട്ടില്ല. ഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്. അത് സാങ്കേതിക പ്രശ്‌നംകൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ശസ്ത്രക്രിയാ പ്രതിസന്ധി സംബന്ധിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions