കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ ശരീരത്തില്‍ നിന്ന് സിറിഞ്ച് കുത്തിവെച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൈകള്‍ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ദമ്പതികള്‍ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്.
ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു.
ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ കിടപ്പുമുറി ഉള്ളില്‍ നിന്നു പൂട്ടിയ നിലയിലായിരുന്നു.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പോലീസിന്റെയും ഫൊറന്‍സികിന്റെയും പരിശോധന നടന്നു വരുകയാണ് .