ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ 70കാരിക്ക് 60.45 ലക്ഷം രൂപ നഷ്ടമായതായി പരാതി. തിരുവനന്തപുരത്താണ് സംഭവം. മണക്കാട് പുത്തന്‍കോട്ട സ്വദേശിനിയായ വയോധികയ്ക്കാണ് പണം നഷ്ടമായത്.
ഫേസ്ബുക്കിലെ പരസ്യത്തിന്റെ ലിങ്ക് തുറന്ന പരാതിക്കാരിയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടും ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കിയും മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വയോധികയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാജ ഇലക്ട്രോണിക് രേഖകള്‍ ചമച്ച് നിര്‍മിച്ച സൈറ്റും ആപ്പും അംഗീകൃത കമ്പനിയുടേതാണെന്ന് പരാതിക്കാരിയെ സംഘം തെറ്റിദ്ധരിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ നിര്‍ദേശ പ്രകാരം 6 അക്കൗണ്ടുകളിലേക്ക് 60.45 ലക്ഷം രൂപ അയച്ചു നല്‍കുകയായിരുന്നു. പരാതിക്കാരിയുമായി പ്രതികള്‍ നടത്തിയ ചാറ്റുകളും ഇതിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകള്‍,ബാങ്ക് ഇടപാടുകള്‍ എന്നിവ പരിശോധിച്ചു പ്രതികളെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി പൊലീസ് അറിയിച്ചു.