മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന 37-ാം സിനിമയിലാണ് വിസ്മയ നായികയായി തുടക്കം കുറിക്കുന്നത്. 'തുടക്കം' എന്നാണ് സിനിമയുടെ പേര്. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചു.
"മായക്കുട്ടി ,'തുടക്കം' സിനിമയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആദ്യ പടിയാകട്ടെ", എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
'എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാര്‍ത്ഥനകളും. ഒരു മികച്ച തുടക്കം നേരുന്നു', എന്നാണ് ആന്റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സിനിമയില്‍ അരങ്ങേറിയപ്പോള്‍ മുതല്‍ വിസ്മയയും വെള്ളിത്തിരയിലേക്കുവരുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്.
എഴുത്തുകാരി കൂടിയായ വിസ്മയ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. ചിത്രകാരിയുമാണ്. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
