യു.കെ.വാര്‍ത്തകള്‍

വീടു വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് നേട്ടമായി രണ്ടുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവുമായി യുകെയിലെ ഭവന വിപണി

സ്വന്തമായി വീടുവാങ്ങാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന യുകെ മലയാളികള്‍ക്ക് നേട്ടമായി ഭവന വിപണിയില്‍ ഇടിവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവിനാണ് രാജ്യത്തെ ഭവന വിപണി സാക്ഷ്യം വഹിച്ചത് . നികുതി ഇളവ് അവസാനിച്ചതോടെ വീടുകള്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി ആയ നേഷന്‍വൈഡിന്റെ കണക്കനുസരിച്ച് ജൂണില്‍ ഒരു വീടിന്റെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി പോര്‍ട്ടലായ റൈറ്റ്മൂവ് ജൂണില്‍ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട് വാങ്ങുന്നവരെ കണ്ടെത്താന്‍ വില്‍പ്പനക്കാര്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും കടുത്ത മത്സരം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും താല്‍ക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവുകള്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു. വേനല്‍ക്കാലം പുരോഗമിക്കുമ്പോള്‍ ഭവനവിപണി വീണ്ടും ശക്തി പ്രാപിക്കുമെന്ന അഭിപ്രായവും ശക്തമാണ്. നിലവില്‍ ഭവന വിപണിയിലെ വില കുറവ് വീടുവാങ്ങാന്‍ ആഗ്രഹിക്കുന്ന യുകെ മലയാളികള്‍ക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ അവലോകന യോഗത്തില്‍ പലിശ നിരക്ക് 4.25 എന്ന തത് സ്ഥിതി തുടരാന്‍ തീരുമാനിച്ചിരുന്നു. അടുത്ത അവലോകന യോഗത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കുകയാണെങ്കില്‍ അത് ഭവന വിപണിയില്‍ കാര്യമായി പ്രതിഫലിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയുകയും ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയും ചെയ്താല്‍ കൂടുതല്‍ പേര്‍ ഭവന വിപണിയില്‍ പ്രവേശിക്കുമെന്നാണ് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നര്‍ അഭിപ്രായപ്പെട്ടത്.

  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions