യു.കെ.വാര്‍ത്തകള്‍

പുതിയ കുടിയേറ്റ ബില്‍ പാര്‍ലമെന്റില്‍; ഡിപ്പന്റന്റ് വിസയില്‍ നിയന്ത്രണം, 41700 പൗണ്ട് സാലറിയുണ്ടേല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ; ഇംഗ്ലീഷ് നിബന്ധന കര്‍ശനമാക്കി

കുടിയേറ്റ നിയമങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ പരാമര്‍ശിച്ച മാറ്റങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും കെയര്‍ വര്‍ക്കര്‍മാരെ കൊണ്ടു വരുന്നത് നിര്‍ത്തലാക്കും. അതിനു പുറമെ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് വിസ ലഭിക്കാന്‍ ആവശ്യമായ മിനിമം ശമ്പളവും മിനിമം യോഗ്യതയും ബില്ലില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ചുരുങ്ങിയത് ഡിഗ്രി ലെവല്‍ വിദ്യാഭ്യാസം ആവശ്യമായി വരും. ഫലത്തില്‍ 111 തസ്തികകളില്‍ ഇനി വിദേശികള്‍ക്ക് അവസരം ലഭിക്കില്ല.

വിദേശ തൊഴിലാളികള്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 41,700 പൗണ്ടെങ്കിലും ശമ്പളം ഉണ്ടായിരിക്കണം. നേരത്തേ ഇത് 38,700 പൗണ്ട് ആയിരുന്നു. ഡിഗ്രി തലത്തിനു താഴെ വിദ്യാഭ്യാസം ആവശ്യമായ ജോലികളുടെ കാര്യത്തില്‍ 2026 അവസാനം വരെ സമയബന്ധിതമായ രീതിയില്‍ ഒരു താത്ക്കാലിക ജോബ് ഷോര്‍ട്ടേജ് ലിസ്റ്റ് രൂപീകരിക്കും. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികളെ കൊണ്ടു വരുന്നതിന് ഇത് ഉപയോഗിക്കാം.

എന്നാല്‍, ഇത്താരത്തില്‍ വരുന്നവര്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ കഴിയില്ല. കൂടാതെ ശമ്പളത്തിന്റെ കാര്യത്തിലും വിസ ഫീസിലും ഇവര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല. സര്‍ക്കാരിന്റെ കുടിയേറ്റ ധവളപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ആദ്യമായി നടപ്പില്‍ വരുത്തുക ഈ മാറ്റങ്ങളായിരിക്കും. യുകെയിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പാര്‍ലമെന്റില്‍ പാസാവുകയാണെങ്കില്‍ ജൂലൈ 22 മുതല്‍ നടപ്പില്‍ വരും.

കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ സമൂലമായ പരിവര്‍ത്തനം കൊണ്ടുവരുമെന്ന് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നെറ്റ് മൈഗ്രേഷന്‍ നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. പുതിയ ഭേദഗതികള്‍ കുടിയേറ്റ നിയമത്തില്‍ ഉണ്ടാവുന്നതോടെ കുടിയേറ്റം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ധവളപത്രത്തിലെ, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ നിലവാരം ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെപ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും അതുപോലെ, കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് നിര്‍ത്തലാക്കാനും ഉദ്ദേശിച്ചാണ് ഈ പരിഷ്‌കാരങ്ങള്‍.

എന്നാല്‍, കെയര്‍വര്‍ക്കര്‍ വിസ നിര്‍ത്തലാക്കാനുള്ള ശ്രമം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. വലിയൊരു പരിധിവരെ വിദേശ തൊഴിലാളികളെ ആശ്രയിച്ചാണ് കെയര്‍ മേഖല മുന്നോട്ട് പോകുന്നത്. നിലവില്‍ ഈ മേഖലയില്‍ രാജ്യവ്യാപകമായി 1,30,000 ഒഴിവുകളാണ് ഉള്ളത്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions