കോട്ടയം മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഇടിഞ്ഞ് വീണു സ്ത്രീ മരിച്ചു
കോട്ടയം: മെഡിക്കല്‍ കോളേജില്‍ 14 ാം വാര്‍ഡ് ഇടിഞ്ഞുവീണ സംഭവത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണു മരിച്ചതെന്നാണ് വിവരം. അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷമായിരുന്നു അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആളെ പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ തന്നെ ജീവന്‍ നഷ്ടമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തേ മെഡിക്കല്‍ കോളേജിലെ പതിനൊന്നാം വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന സ്ത്രീയെ കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് നേരത്തേ രംഗത്ത് വന്നിരുന്നു. പതിനാലാം വാര്‍ഡ് ഇടിഞ്ഞതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതിന്റെ വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രംഗത്ത് വന്നിരുന്നത്. മകള്‍ക്കൊപ്പം നില്‍ക്കുന്ന ബിന്ദു കാണാതാകുമ്പോള്‍ ബാത്ത് റൂമിലേക്കാണ് പോയതാണെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്.
രാവിലെ പത്തരയോടെയാണ് കെട്ടിടം ഇടിഞ്ഞത്. പുറത്തെടുത്തത് ഒരുമണിയോടെയായിരുന്നു. രണ്ടര മണിക്കൂറാണ് സ്ത്രീ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടന്നത്. വാര്‍ഡിന്റെ ഭാഗം ഇടിഞ്ഞവരില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം അതിന് ശേഷം അലീന എന്ന കൗമാരക്കാരിയും മറ്റൊരു പ്രായമായ സ്ത്രീയ്ക്കുമായിരുന്നു പരിക്കേറ്റത്. ഇവരെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കിയിട്ടുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന വാര്‍ഡിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. മകള്‍ക്ക് ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയതായിരുന്നു ബിന്ദു.
പുതിയ കെട്ടിടം പണിതിരിക്കുന്ന സാഹചര്യത്തില്‍ രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പഴയ കെട്ടിടത്തിന് നേരത്തേ തന്നെ ബലക്ഷയം കണ്ടെത്തിയതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങിയതായിട്ടാണ് അധികൃതര്‍ പറഞ്ഞത്. ഇതിനിടയിലായിരുന്നു കെട്ടിടം ഇടിഞ്ഞുവീണത്. രോഗികളെ മാറ്റിയില്ലായിരുന്നെങ്കില്‍ വലിയ ദുരന്തമായി മാറുമായിരുന്നു. ഇനിയാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുന്ന ജോലി തുടരുകയാണ്. മൂന്ന് ജെസിബികള്‍ ഉപയോഗിച്ചായിരുന്നു അവശിഷ്ടങ്ങള്‍ നീക്കിയത്.