'ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖം, സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമുണ്ടാകും'; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണ ജോര്‍ജ്
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍പെട്ട് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മന്ത്രി ബിന്ദുവിന്റെ കുടുംബത്തിന്റെ തന്റെയും ദു:ഖമാണെന്നും കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.'
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പിന്തുണയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വീണാ ജോര്‍ജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണെന്ന് പറഞ്ഞ മന്ത്രി വീണാ ജോര്‍ജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കുറ്റപ്പെടുത്തി.
അതിനിടെ, അപകടത്തില്‍ മന്ത്രിമാര്‍ക്കെതിരായ വിമര്‍ശനം അപലപനീയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും. എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്ന സര്‍ക്കാരാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ അനാസ്ഥയാണ് ബിന്ദു മറിക്കാന്‍ കരണമായതെന്നായിരുന്നു ആരോപണം. മെഡിക്കല്‍ കോളേജില്‍ അപകടം നടന്നതിന് പിന്നാലെ എത്തിയ മന്ത്രി അടച്ചിട്ടിരുന്ന കെട്ടിടമാണ് പൊളിഞ്ഞതെന്ന് അറിയിച്ചിരുന്നു.
അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ഥലത്ത് രക്ഷ പ്രവര്‍ത്തനം തുടങ്ങുന്നത്. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ആള്‍ ഉണ്ടോ എന്നുപോലും അടിയന്തരമായി പരിശോധിക്കാന്‍ ആയില്ല.