യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു തുടരെ കുട്ടികളുടെ വിയോഗം. ഇപ്പോഴിതാ, അക്കൂട്ടത്തിലേക്ക് ഒരു മലയാളി ബാലന്റെ വേര്‍പാട് കൂടിയാണ് ചേര്‍ക്കപ്പെടുകയാണ്. നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോള്‍ ആണ് വിട വാങ്ങിയിരിക്കുന്നത്. റോണവിന്റെ മരണകാരണം എന്താണെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.
സമീക്ഷ യുകെ നോര്‍ത്താംപ്ടണ്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ഡോണ്‍. ഡോണിന്റെ കുടുംബത്തിനുണ്ടായ ഈ നഷ്ടത്തില്‍ സമീക്ഷ യുകെ അനുശോചനം അറിയിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകന്‍ ഏഴുവയസുകാരനായ ഐഡന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് യാത്രയായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു.
ഇതേ അസുഖം ബാധിച്ചു ഐഡന്റെ മൂത്ത സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്.
കവന്‍ട്രിയില്‍ ആലപ്പുഴ സ്വദേശികളായ കുര്യന്‍ വര്‍ഗീസിന്റെയും ഷിജി തോമസിന്റെയും മകനായ ഏഴുവയസുള്ള റൂഫസ് കുര്യന്‍ പനിബാധിച്ചു അടുത്തിടെയാണ് മരണമടഞ്ഞത്. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞു ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്ത മലയാളികള്‍ക്ക് വലിയ ഞെട്ടലായി.