നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനായ 80-കാരന്‍ ഭീം കോഹ്‌ലിയെ അകാരണമായി തല്ലിക്കൊന്ന കേസില്‍ 15 കാരന്റെ ശിക്ഷ പുനഃപ്പരിശോധിക്കുന്നു. നരഹത്യ തെളിഞ്ഞിട്ടും 15 വയസ്സുള്ള കൊലയാളിക്ക് വിധിച്ചത് വെറും 7 വര്‍ഷം ജയില്‍ ശിക്ഷയായിരുന്നു. ശിക്ഷ പരിമിതമായി പോയെന്ന വിമര്‍ശനം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ വിധി റിവ്യൂ ചെയ്യാന്‍ അപ്പീല്‍ കോടതി തയ്യാറായിരിക്കുകയാണ്.
പ്രായം കുറവായതിനാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ആണ്‍കുട്ടിക്ക് 80-കാരന്‍ ഭീം കോഹ്‌ലിയുടെ നരഹത്യാ കുറ്റത്തില്‍ ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. അണ്‍ഡ്യൂളി ലീനിയന്റ് സെന്റന്‍സ് സ്‌കീം പ്രകാരമാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ വിധി റിവ്യൂ ചെയ്യുന്നത്.
'ഒരു നിരപരാധിയായ മനുഷ്യന് നേര്‍ക്ക് നടന്ന അതിക്രൂരമായ അക്രമത്തില്‍ സോളിസിറ്റര്‍ ജനറല്‍ ലൂസി റിഗ്ബി കെസി എംപി ഞെട്ടലിലാണ്. ഭീം കോഹ്‌ലിയുടെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും അവര്‍ അനുശോചനം അറിയിക്കുന്നു. കേസ് വിശദമായി പരിശോധിച്ചതില്‍ നിന്നും 15-കാരന് ലഭിച്ച ശിക്ഷ കോര്‍ട്ട് ഓഫ് അപ്പീലിന് മുന്നില്‍ റഫര്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറല്‍ തീരുമാനിച്ചു. ശിക്ഷ വര്‍ദ്ധിപ്പിക്കണോ, വേണ്ടയോ എന്ന് കോടതി തീരുമാനിക്കും', അറ്റോണി ജനറല്‍ ഓഫീസ് വക്താവ് അറിയിച്ചു.
കുറ്റകൃത്യത്തില്‍ കുറ്റവാളിക്ക് ഒപ്പം നിന്ന 13-കാരിക്ക് കസ്റ്റോഡിയല്‍ ശിക്ഷ നല്‍കാതെ, മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഓര്‍ഡര്‍ മാത്രം നല്‍കി വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ശിക്ഷ കോര്‍ട്ട് ഓഫ് അപ്പീലിന് മുന്നിലെത്തില്ലെന്നാണ് സൂചന.
വയോധികനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ രണ്ട് കുട്ടികളും കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും എതിരായ നരഹത്യാ കുറ്റം കോടതി ശരിവെച്ചു. കോഹ്‌ലിയെ ആണ്‍കുട്ടി വംശീയമായി അധിക്ഷേപിച്ച ശേഷമാണ് അക്രമം നടത്തിയതെന്നും, ചിരിച്ചുകൊണ്ട് കൂട്ടുകാരി ഈ അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്നും കോടതിയില്‍ വ്യക്തമായിരുന്നു. ലെസ്റ്റര്‍ഷയറിലെ പാര്‍ക്കില്‍ വെച്ച് ആയിരുന്നു സംഭവം.