ബര്‍മിങ്ഹാം: നീണ്ട 58 വര്‍ഷക്കാലം പിടിതരാതിരുന്ന എജ്ബാസ്റ്റണില്‍ ആദ്യമായി ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി.
ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം.
സ്‌കോര്‍: ഇന്ത്യ - 587, 427/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് - 407, 271.
1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. ആ 58 വര്‍ഷത്തിനിടെ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഇവിടെ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ആ ചരിത്രമാണ് ഇത്തവണ ഗില്ലും സംഘവും തിരുത്തിയത്. ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയാണ് എജ്ബാസ്റ്റണ്‍.
6 വിക്കറ്റ് വീഴ്ത്തിയ ആകാശാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ താരം നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.
99 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റണ്‍സെടുത്ത ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ താരം 184 റണ്‍സോടെ പുറത്താകാതെ നിന്നിരുന്നു.
മഴമൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് അഞ്ചാം ദിനം മത്സരം ആരംഭിച്ചത്.