പ്രയ്തനങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി, യമന്‍ ജയിലുള്ള മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ചു. വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും എന്നാണു അറിയിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കി. നിമിഷപ്രിയ തടവില്‍കഴിയുന്ന ജയില്‍ അധികൃതര്‍ക്കാണ് പ്രോസിക്യൂട്ടറുടെ നിര്‍ദേശം.
യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.
നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ പ്രസിഡന്റ് നേരത്തെ അനുമതി നല്‍കിയിരുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തലാല്‍ അബ്‌ദുമെഹ്‌ദിയുടെ കുടുംബവുമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ ഭരണകൂടം ഒരുങ്ങുന്നത്.
നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദുമഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കാന്‍ സഹായിച്ച നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. എന്നാല്‍ യെമനിലെ വിഘടനവാദവും അസ്ഥിരതയും എംബസി തലത്തിലുള്ള ഇടപെടലുകള്‍ക്ക് തടസമായി.