സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രം ജനജീവിതം സ്തംഭിപ്പിച്ചു. ഹര്‍ത്താലായി. രാത്രി പന്ത്രണ്ടിന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാണ്. തൊഴിലാളികളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മോട്ടോര്‍ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനം, പാല്‍ വിതരണം തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കി. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും ഒഴിവാക്കി.
തലസ്ഥാനത്ത് രാവിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ദേശീയ പണിമുടക്കില്‍ മുട്ടുമടക്കി കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നെങ്കിലും തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കൊച്ചിയിലും തൃശൂരും സര്‍വീസ് നടത്താനൊരുങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് അടൂരെത്തിയപ്പോള്‍ സംയുക്‌ത സമര സമിതി തടഞ്ഞു. ഹെല്‍മറ്റ് വച്ചാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്. വാഹനം തടഞ്ഞുവച്ചിരിക്കുകയാണ്. സര്‍വീസ് നടത്താന്‍ അനുവദിച്ചിട്ടില്ല.
ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്‌ഥര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് യാത്രക്കാരോട് പറയുന്നത്. എത്തുന്നവരെ സര്‍വീസ് ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ മാത്രമേ സര്‍വീസ് നടത്താവൂ എന്നാണ് ഡിപ്പോകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് പൊലീസ് ബസില്‍ പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. ആര്‍സിസിലേക്ക് ഉള്‍പ്പെടെയാണ് സര്‍വീസ്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസ്‌താവന ട്രേഡ് യൂണിയനുകള്‍ തള്ളിയിരുന്നു. പണിമുടക്ക് നോട്ടീസ് നേരത്തേ നല്‍കിയതാണെന്നും പറഞ്ഞു. കെഎസ്‌ഇബിയിലും കെഎസ്ആര്‍ടിസിയിലും ഡയസസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നല്‍കുന്നത്.
അതേസമയം, കേരളത്തിന് പുറത്ത് പണിമുടക്ക് ജനം തള്ളിക്കളഞ്ഞു. തമിഴ്‌നാട്ടിലടക്കം പതിവുപോലെ എല്ലായിടത്തും ജനജീവിതം സുഗമമായി നടക്കുകയാണ്. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെ പണിമുടക്ക് ബാധിച്ചിട്ടില്ല. രാജ്യം മുഴുവന്‍ സ്തംഭിക്കുമെന്നായിരുന്നു നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.