14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന ടോറി നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക്
ലേബറിനും ടോറികള്‍ക്കും വലിയ ഭീഷണിയായി റീഫോം യുകെയുടെ കുതിപ്പ്. പ്രവര്‍ത്തകരും നേതാക്കളും അവിടേയ്ക്കു ഒഴുകുന്നതാണ് കാഴ്ച. 14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക് ചേക്കേറുന്നതാണ് ഏറ്റവും പുതിയ വിശേഷം.
റീഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അതുപോലെ പാര്‍ട്ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെയ്ക്ക് ബെറി റിഫോം യുകെ പാര്‍ട്ടിയിലേക്ക് കൂറുമാറിയിരിക്കുകയാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ള വലിയ തിരിച്ചടിയാണിത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെയും ബോറിസ് ജോണ്‍സന്റെയും അടുത്ത അനുയായിയാണ് ഇപ്പോള്‍ റീഫോം യുകെയിലേക്ക് പോയിരിക്കുന്നത്.
ബ്രിട്ടനിലെ ജനങ്ങളെ തന്റെ പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്നും അതിനോട് യോജിപ്പില്ലെന്നും യുകെ സര്‍ക്കാര്‍ അടുത്ത തവണ റീഫോം യുകെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജെയ്ക്ക് ബെറി തുറന്നടിച്ചു.
20 വര്‍ഷമായി ലേബറും കണ്‍സര്‍വേറ്റീവും രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. ജെയ്ക്ക് ബെറി 25 വര്‍ഷമായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മെമ്പറും 14 വര്‍ഷമായി എംപിയുമാണ്.
അടുത്തിടെ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് റീഫോം യുകെ നടത്തിയത്. കൂടുതല്‍ പേര്‍ റീഫോം യുകെ പാര്‍ട്ടിയിലേക്കെത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.