കഴിഞ്ഞ മാസം 260 പേര്‍ കൊല്ലപ്പെട്ട, അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇത് പ്രകാരം, വിമാനം തകര്‍ന്നുവീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്, ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ രണ്ടും കട്ട്-ഓഫ് സ്ഥാനത്തേക്ക് മാറ്റി എന്നുപറയുന്നു. അതായത് സാധാരണയായി എഞ്ചിനുകള്‍ ഓഫ് ചെയ്യുന്ന ഒരു ഘട്ടം.
കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിംഗില്‍ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള ആശയക്കുഴപ്പം കാണിക്കുന്നു. ഒരാള്‍ തന്റെ സഹപ്രവര്‍ത്തകനോട് എന്തിനാണ് "കട്ട്-ഓഫ് ചെയ്തത്" എന്ന് ചോദിക്കുന്നത് കേള്‍ക്കാം - മറ്റേ പൈലറ്റ് താന്‍ അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) 15 പേജുള്ള ഒരു പ്രാഥമിക റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത് . പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന് ഇത് വിശദമാക്കുന്നു.
"വിമാനം ഏകദേശം 08:08:42 UTC-ല്‍ 180 Knots IAS എന്ന റെക്കോര്‍ഡ് ചെയ്ത പരമാവധി എയര്‍ സ്പീഡ് കൈവരിച്ചു, അതിനുശേഷം ഉടന്‍ തന്നെ, എഞ്ചിന്‍ 1 ഉം എഞ്ചിന്‍ 2 ഉം ഇന്ധന കട്ട്ഓഫ് സ്വിച്ചുകള്‍ 01 സെക്കന്‍ഡ് സമയ ഇടവേളയോടെ RUN-ല്‍ നിന്ന് CUTOFF സ്ഥാനത്തേക്ക് മാറി," റിപ്പോര്‍ട്ട് പറയുന്നു.
തുടര്‍ന്ന്, "കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിംഗില്‍, പൈലറ്റുമാരില്‍ ഒരാള്‍ മറ്റൊരാളോട് എന്തിനാണ് കട്ട്ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേള്‍ക്കുന്നു. മറ്റേ പൈലറ്റ് അങ്ങനെ ചെയ്തില്ലെന്ന് മറുപടി നല്‍കി."
08:08:52 UTC-ല്‍, "എഞ്ചിന്‍ 1 ഇന്ധന കട്ട്ഓഫ് സ്വിച്ച് CUTOFF-ല്‍ നിന്ന് RUN-ലേക്ക് മാറി", അതിനുശേഷം നാല് സെക്കന്‍ഡുകള്‍ക്ക് ശേഷം, "എഞ്ചിന്‍ 2 ഇന്ധന കട്ട്ഓഫ് സ്വിച്ചും CUTOFF-ല്‍ നിന്ന് RUN-ലേക്ക് മാറുന്നു." ഇപ്പോള്‍ സമയം 08:08:56 ആയിരുന്നു.
ഒന്‍പത് സെക്കന്‍ഡുകള്‍ക്ക് ശേഷം, 08:09:05 ന്, പൈലറ്റുമാരില്‍ ഒരാള്‍ "മെയ്ഡേ മെയ്ഡേ മെയ്ഡേ" എന്ന് നിലത്തുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ക്ക് സന്ദേശം അയച്ചു. ഉദ്യോഗസ്ഥര്‍ക്ക് മറ്റു പ്രതികരണമൊന്നും ലഭിച്ചില്ല, താമസിയാതെ, വിമാനം തകര്‍ന്നുവീഴുന്നത് അവര്‍ കണ്ടു.
അധികൃതരുമായി പൂര്‍ണമായി സഹകരിക്കുന്നത് തുടരുമെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
അപകടത്തില്‍ 260 പേര്‍ കൊല്ലപ്പെട്ടു, രക്ഷപ്പെട്ട ഏക വ്യക്തി വിശ്വാസ്‌കുമാര്‍ രമേശ്, വിമാനത്തിന്റെ ഫ്യൂസ്ലേജിലെ ഒരു ദ്വാരത്തിലൂടെ അവശിഷ്ടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
യുഎസിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ (എന്‍ടിഎസ്‌ബി) മുന്‍ മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ ഗോയല്‍സ്, പ്രാഥമിക റിപ്പോര്‍ട്ട് തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്ന് പറയുന്നു.
നിരവധി അപകട അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗോയല്‍സ്, ഇത്രയും വിശദമായ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പ്രശംസിക്കേണ്ടതുണ്ട്" എന്നാണ്.
"പലപ്പോഴും ഒരു രാജ്യത്തിന്റെ ഇത്രയും ഉയര്‍ന്ന പ്രൊഫൈല്‍ ഉള്ള മുന്‍ ഫ്ലാഗ് കാരിയറെ കൈകാര്യം ചെയ്യുമ്പോള്‍, റിപ്പോര്‍ട്ടുകള്‍ വളരെ കുറച്ച് വിശദാംശങ്ങളും സത്യസന്ധതയുമുള്ളതായിരിക്കും."
"ഇത് വളരെ വിശദമായ ഒരു റിപ്പോര്‍ട്ടായിരുന്നു. അതിന് AAIB-യെ പ്രശംസിക്കണം." അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്കിലേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ആണ് ടേക്ക്ഓഫിനിടെ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 240 പേരും വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റല്‍ മെസ്സിലെ എംബിബിഎസ് വിദ്യാര്‍ഥികളും അടക്കം 260 പേര്‍ കൊല്ലപ്പെട്ടു. 230 യാത്രക്കാരും 12 ക്രൂ മെമ്പേഴ്‌സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.