നെടുമ്പാശ്ശേരിയില്‍ വിദേശ ദമ്പതിമാരുടെ വയറ്റില്‍ 50 ലേറെ ലഹരി ക്യാപ്സ്യൂളുകള്‍ കണ്ടെത്തി
കൊച്ചി: മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയ വിദേശ ദമ്പതിമാര്‍ കസ്റ്റഡിയില്‍. ബ്രസീല്‍ സ്വദേശികളെയാണ് കൊച്ചി ഡിആര്‍ഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്‌കാനിങ്ങിലാണ് ഇവര്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്നതായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രം 50-ഓളം ക്യാപ്‌സ്യൂളുകള്‍ വിഴുങ്ങിയെന്നാണ് വിവരം.
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ദമ്പതിമാരെ ലഹരിക്കടത്ത് സംശയത്തെത്തുടര്‍ന്ന് വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍, ഇവരുടെ ബാഗുകളില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സംശയം തോന്നി സ്‌കാനിങ്ങിന് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളില്‍ ലഹരി ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. ഇത് പുറത്തെടുക്കാനായി കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊക്കെയ്‌നാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയതെന്നാണ് സംശയം. ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളില്‍വെച്ച് ഈ ക്യാപ്‌സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിച്ചേക്കാം.
അതിനിടെ, ദമ്പതിമാരില്‍ നിന്ന് തിരുവനന്തപുരത്ത് ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്തുവെച്ച് ലഹരിമരുന്ന് കൈമാറാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ഫോണ്‍വിളി വിവരങ്ങളടക്കം ഡിആര്‍ഐ സംഘം പരിശോധിച്ചുവരികയാണ്. മുന്‍പും സമാന രീതിയിലുള്ള ലഹരിക്കടത്ത് നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു. അന്ന് നൈജീരിയന്‍ സ്വദേശിയാണ് ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയത്.