ചര്‍ച്ചയില്‍ പുരോഗതി: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു
യമന്‍ ജയിലുള്ള മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു. നാളെ(ജൂലൈ 16ന്) വധശിക്ഷ നടപ്പാക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.
നേരത്തെ, ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് വധശിക്ഷ നീട്ടിവെച്ച കാര്യം അറിയിച്ചത്. തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്.
യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ല. യെമെനില്‍ ആഭ്യന്തരപ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്ന് 2016 മുതല്‍ ഇന്ത്യയില്‍നിന്ന് അവിടേക്ക് യാത്രാവിലക്കുമുണ്ട്. ഈ സാഹചര്യത്തില്‍ നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു.
യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.
നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദുമഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കാന്‍ സഹായിച്ച നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. എന്നാല്‍ യെമനിലെ വിഘടനവാദവും അസ്ഥിരതയും എംബസി തലത്തിലുള്ള ഇടപെടലുകള്‍ക്ക് തടസമായി.