വി എസിന് കണ്ണീര്‍ പ്രണാമം; അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിടവാങ്ങലില്‍ കേരളം സങ്കടക്കടലില്‍. പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം ആണെങ്ങും. ആയിരങ്ങളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി എകെജി സെന്ററിലെയും കവടിയാറിലെ വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷമാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ഹാളില്‍ കൊണ്ടുവന്നത്. ശക്തമായ മഴയിലും പതിനായിരങ്ങളാണ് വി.എസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ന്നത്. സെക്രട്ടേറിയേറ്റിന് ജനക്കൂട്ടം നിറഞ്ഞു. പാളയം വരെ നീണ്ട ജനക്കൂട്ടമാണ് കാത്തു നില്‍ക്കുന്നത്.
കണ്ഠമിടറി മുദ്രാവാക്യം വിളിച്ചും കണ്ണീരണിഞ്ഞുമാണ് പലരും നില്‍ക്കുന്നത്. ദീര്‍ഘകാലം കര്‍മഭൂമിയായിരുന്ന തിരുവനന്തപുരത്തുനിന്നു ജന്മനാടായ ആലപ്പുഴയിലേക്ക് വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. ആലപ്പുഴ, പുന്നപ്രയിലെ തറവാടായ വെന്തലത്തറ വീട്ടില്‍നിന്നു നാളെ രാവിലെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് ആലപ്പുഴ ടൗണ്‍ ഹാളിലും എത്തിച്ച് പൊതുദര്‍ശനം. അതിനുശേഷമാകും സംസ്‌കാരം പൂര്‍ണ ഔദ്യോഗികബഹുമതികളോടെ നാളെ വൈകിട്ട് നാലിന് വിപ്ലവസ്‌മരണകളിരമ്പുന്ന ആലപ്പുഴ വലിയചുടുകാട് ശ്‌മശാനത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍.
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്.
തൊഴിലാളി സംഘാടകനായി തുടങ്ങി, അവിഭക്‌ത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെയും പിന്നീട് സി.പി.എമ്മിന്റെയും നേതൃനിരയിലേക്കുയര്‍ന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന പ്രിയനേതാവിനെ 'വി.എസ്' എന്ന ചുരുക്കപ്പേരിലാണു രാഷ്‌ട്രീയകേരളം കക്ഷിഭേദമെന്യേ നെഞ്ചോടു ചേര്‍ത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.20-ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് ജനപ്രിയസഖാവിന്റെ സമരോജ്‌ജ്വലജീവിതത്തിനു കാലം വിരാമമിട്ടത്.