തിരുവനന്തപുരം: അരനൂറ്റാണ്ടുകാലമായി തന്റെ കര്‍മ്മ മണ്ഡലമായ തലസ്ഥാനത്തോട് വിടപറഞ്ഞു വിഎസ് അച്യുതാനന്ദന്‍ ജന്മനാട്ടിലേക്ക് മടങ്ങുന്നു. വിങ്ങലോടെ അന്തപുരി ആ ഇതിഹാസ നായകന് വിടചൊല്ലി . സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ ആലപ്പുഴയിലേക്ക് ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉച്ചകഴിഞ്ഞു രണ്ടേകാലോടെ തുടങ്ങി. പ്രത്യേകം സജ്ജീകരിച്ച ബസിലാണ് ഭൗതീകശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത് വഴിയിലുടനീകം ആയിരങ്ങളാണ് പ്രിയ നേതാവിനെ ദൂരെനിന്നെങ്കിലും ഒരു നോക്ക് കാണുവാനായി കാത്തുനില്‍ക്കുന്നത്. ഇപ്പോഴത്തെ രീതിയില്‍ അര്‍ദ്ധ രാത്രിയോടെയേ വിഎസിന്റെ ഭൗതീകശരീരം ജന്മനാട്ടിലെത്തൂ. ദേശീയപാതയിലൂടെ നാടിന്റെ അന്തിമോപാചാരം ഏറ്റുവാങ്ങി രാത്രിയോടെ മാത്രമേ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ മൃതദേഹം എത്തിക്കും.
റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് അകമ്പടിയായി പോകുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അനേകരാണ് കാത്തുനില്‍ക്കുന്നത്. ബുധനാഴ്ച ആലപ്പുഴ ജില്ലക്കമ്മറ്റി ഓഫീസിലും തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രീയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണിയോടെ വലിയ ചുടുകാട്ടിലാണ് സംസ്‌ക്കാരം. മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ നിന്നും രാവിലെ 9.30 യോടെയാണ് ദര്‍ബാര്‍ഹാളില്‍ എത്തിച്ചത്. വി.എസിന്റെ വിയോഗ വിവരമറിഞ്ഞ് തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിലും എകെജി പഠന ഗവേഷണ കേന്ദ്രങ്ങളിലും ഇന്നലെ രാത്രി മുതല്‍ വലിയ ജനാവലിയാണ് മുതിര്‍ന്ന സഖാവിനെ ഒരുനോക്കു കാണാനായി എത്തിയത്. അതിന് ശേഷം ബാര്‍ട്ടന്‍ഹില്ലിലെ വീട്ടിലും പിന്നാലെ സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ഹാളിലും അനേകരാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
ഓരോ സ്ഥലത്തും വലിയ ജനാവലി തടിച്ചുകൂടുന്ന സാഹചര്യത്തില്‍ ഭൗതീകശരീരവുമായി പോകുന്ന ബസ് മണിക്കൂറുകള്‍ എടുത്താണ് ഓരോ ജംഗ്ഷനും പിന്നിടുന്നത്. ഇന്ന് ആലപ്പുഴയിലെ വീട്ടിലും നാളെ ആലപ്പുഴ ജില്ലക്കമ്മറ്റി ഓഫീസിലും തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രീയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകിട്ട് മൂന്ന് മണിയോടെ വലിയ ചുടുകാട്ടിലാണ് സംസ്‌ക്കാരം.
വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുസ്മരിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി നല്‍കിയിരിക്കുന്നത്.
1923 ഒക്‌ടോബര്‍ 20ന് ആലപ്പുഴ നോര്‍ത്ത് പുന്നപ്രയില്‍ ശങ്കരന്‍ - അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായി. 1940ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.
പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാല്‍ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു. 1964 ല്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രൂപീകരിച്ച 32 പേരില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍.
1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1985ല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി. 1967ല്‍ അമ്പലപ്പുഴയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1970ല്‍ ജയം ആവര്‍ത്തിച്ചെങ്കിലും 77ല്‍ പരാജയമറിഞ്ഞു. 1991ല്‍ മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്ക് തിരിച്ചെത്തി. എന്നാല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും തോറ്റു. 2001ല്‍ മലമ്പുഴയിലേക്ക് തട്ടകം മാറിയ വിഎസ് പിന്നീട് പരാജയം അറിഞ്ഞിട്ടില്ല. 2001-2006, 2011-2016 കാലയളവില്‍ പ്രതിപക്ഷനേതാവായി. 2016ല്‍ കേരളത്തിന്റെ 20-ാമത് മുഖ്യമന്ത്രിയായി. 2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു.