വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത് 17 മണിക്കൂറിനു ശേഷം. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ കാത്തുനിന്ന ആള്‍ക്കൂട്ടത്തിനൊപ്പം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു. രാവിലെ മുതല്‍ ചെന്നിത്തല, ഹരിപ്പാടെ പോയിന്റില്‍ കാത്ത് നില്‍പ്പുണ്ടുണ്ടായിരുന്നു.
ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടെയെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. വിലാപയാത്ര ഹരിപ്പാട് എത്തിയപ്പോള്‍ ചെന്നിത്തല മൃതദേഹം വഹിച്ചുള്ള ബസില്‍ കയറി റീത്ത് വെക്കുകയും ചെയ്തു.
'വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ഇവിടെയെത്തിയത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. അന്ത്യയാത്രയല്ലേ', രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം ആലപ്പുഴ ബീച്ചിനു സമീപത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനുള്ള വേദി ഒരുക്കുകയാണ്. വെള്ളക്കെട്ട് ഉള്ളതിനാല്‍ ഉയര്‍ത്തിയ പന്തലിലാകും പൊതു ദര്‍ശനം.
ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര 17 മണിക്കൂറുകള്‍ എടുത്താണ് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ ജില്ലയിലേക്ക് എത്തിയത്.
കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ കാത്തുനിന്നത്. പ്രിയ സഖാവിനെ കാത്തിരിക്കുക ആയിരുന്നു പുന്നപ്ര വയലാറിന്റെ മണ്ണ്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടില്‍ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. 10 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതല്‍ കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടിലുമാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.