യു.കെ.വാര്‍ത്തകള്‍

ഇന്ത്യ- യുകെ ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി; ഇന്ത്യക്കാരില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നത് ഒഴിവാക്കും

ഇന്ത്യ- യുകെ ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആണ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്ക് യുകെ തീരുവ ഒഴിവാക്കും. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും.

സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ബ്രിട്ടനെ സംബന്ധിച്ച്, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം സാമ്പത്തികമായി ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറാണ് ഈ കരാര്‍. ഇന്ത്യയ്ക്ക് ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറാണിത്.

യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99%, അതായത് രത്‌നങ്ങള്‍, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, തുകല്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പൂജ്യം താരിഫ് ആണ്. പകരമായി, ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 90% ത്തിലും യുകെ ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കും. സ്‌കോച്ച് വിസ്‌കിയുടെ തീരുവ ഉടനടി 150% ല്‍ നിന്ന് 75% ആയും 10 വര്‍ഷത്തിനുള്ളില്‍ 40% ആയും കുറയും.

100% ത്തിലധികം താരിഫ് നേരിടുന്ന ബ്രിട്ടീഷ് കാറുകളുടെ തീരുവ ഒരു ക്വാട്ട പ്രകാരം 10% ആയി കുറയ്ക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിമാന ഭാഗങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയിലെ താരിഫ് ഇളവുകളും ഈ കരാറിന്റെ മറ്റ് നേട്ടങ്ങളാണ്. കരാറില്‍ ഒപ്പുവെക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലുണ്ട്. പിയൂഷ് ഗോയലാണ് ഇതുവരെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

ബ്രക്‌സിറ്റിന് ശേഷം വ്യാപാരബന്ധങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഇന്ത്യയുടെ വ്യാപാര വിപണി തുറന്നുകിട്ടുന്ന സുപ്രധാന സ്വതന്ത്ര വ്യാപാര കരാറിലാണ് ഒപ്പുവെയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധം കൂടി ശക്തമായതോടെ ബ്രിട്ടന് ഇന്ത്യയുമായുള്ള കരാര്‍ സുപ്രധാനമായി മാറിയിരുന്നു.

മുന്‍ ടോറി ഗവണ്‍മെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് ഈ കരാര്‍ നേടിയെടുത്തത് ബ്രിട്ടന്റെ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കിടെ വലിയ നേട്ടമാണ്.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കണ്ട് ചര്‍ച്ചകള്‍ നടത്തുന്നതിന് പുറമെ ചാള്‍സ് രാജാവിനെയും പ്രധാനമന്ത്രി മോദി കാണുന്നുണ്ട്. ബ്രിട്ടന് ഇന്ത്യയില്‍ ബിസിനസ്സ് നടത്താനുള്ള അനുമതിയാണ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യ ചര്‍ച്ചകളില്‍ വിലപേശി നേടിയത് ഇന്ത്യക്കാര്‍ക്ക് വിസാ ഇളവുകളും, പ്രൊഫഷണല്‍ യോഗ്യതകള്‍ക്ക് അംഗീകാരവും, യുകെയില്‍ തല്‍ക്കാലമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ ഇളവുകളുമാണ്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions