'അമ്മ' സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജഗദീഷും ശ്വേത മേനോനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഇരുവരും സംഘടനയിലെ അംഗങ്ങളോട് പിന്തുണ തേടിയതായും വിവരമുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസനുമാണ് പത്രിക നല്‍കിയത്. ജോയ് മാത്യു, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായര്‍, തുടങ്ങിയവരും പത്രിക നല്‍കി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ ജോയ് മാത്യു മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമ്മ ഓഫീസില്‍ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. ഇന്നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. നാമനിര്‍ദേശ പത്രിക വാങ്ങിയവരില്‍ മോഹന്‍ലാല്‍ ഇല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു.
കഴിഞ്ഞമാസം നടന്ന ജനറല്‍ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. 31 വര്‍ഷത്തെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കാതെ ഭരണസമിതി രാജിവെച്ച് തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത് ഇതാദ്യമായാണ്. പത്രിക സമര്‍പ്പിക്കാനുള്ള കാലാവധി ഒരാഴ്ച പൂര്‍ത്തിയാകുമ്പോള്‍ വലുപ്പച്ചെറുപ്പം ഇല്ലാതെ നിരവധി താരങ്ങളാണ് രംഗത്തുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാലെയാണ് AMMA നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.