ആലപ്പുഴ : വി.എസ്. എന്ന അതുല്യ രാഷ്ട്രീയപ്രതിഭാസത്തെ ഇകഴ്ത്താനും വെട്ടിയൊതുക്കാനും ശ്രമിച്ചവരുടെ കണ്മുന്നില്‍, കോരിച്ചൊഴിയുന്ന മഴയെയും തിരക്കിനെയും അവഗണിച്ചു കണ്ഠം പൊട്ടുമാറുച്ചത്തില്‍ ആബാലവൃദ്ധം ആര്‍ത്തുവിളിച്ചു- "കണ്ണേ കരളേ വീയെസേ.. ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.." . ഇത്തവണ അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കാനും ചടങ്ങു തിരക്കിട്ടു അവസാനിപ്പിക്കാനും ആര്‍ക്കും കഴിഞ്ഞില്ല. അങ്ങനെ തന്റെ അന്ത്യയാത്രയിലും അന്ത്യ നിദ്രയിലും വി എസ് നെഞ്ചുവിരിച്ചു കിടന്നു. കാലത്തിന്റെ കാവ്യനീതി..
ജനപക്ഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്, നൂറ്റാണ്ട് പിന്നിട്ട ആ സമരോത്സുകജീവിതം കേരളരാഷ്ട്രീയചരിത്രത്തിലെ കെടാത്ത ചെങ്കനല്‍ ആയി മാറുകയും ചെയ്തു. കര്‍മഭൂമിയായിരുന്ന അനന്തപുരിയുടെ അതിര്‍ത്തി കടന്ന്, കൊല്ലം ജില്ലയുടെ ആദരവുമേറ്റുവാങ്ങി, ജന്മനാടായ ആലപ്പുഴയിലെ പറവൂരില്‍ വിലാപയാത്ര എത്തുമ്പോള്‍ ജനബാഹുല്യം മൂലം സമയക്രമീകരണങ്ങളെല്ലാം തെറ്റിയിരുന്നു. കോരിച്ചൊരിഞ്ഞ കര്‍ക്കിടകമഴയിലും വി.എസ്. അച്യുതാനന്ദനെന്ന പ്രിയനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ അഭൂതപൂര്‍വമായ ജനസഞ്ചയം കാത്തുനിന്നതോടെ പാര്‍ട്ടി നിശ്ചയിച്ച സംസ്‌കാരച്ചടങ്ങുകള്‍ എല്ലാം താളം തെറ്റി. ഒടുവില്‍, കാത്തുനിന്ന പരമാവധിപ്പേര്‍ക്ക് കാണാന്‍ അവസരമൊരുക്കി, പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനും ശേഷം, തൊണ്ടപൊട്ടുമാറുച്ചത്തില്‍ പ്രിയസഖാക്കള്‍ മുദ്രാവാക്യമുഖരിതമാക്കിയ അന്തരീക്ഷത്തില്‍, വിപ്ലവസ്മരണകളിരമ്പുന്ന ആലപ്പുഴ വലിയചുടുകാട്ടിലെ ചിതയ്ക്കു മകന്‍ വി.എ. അരുണ്‍കുമാര്‍ തീകൊളുത്തുമ്പോള്‍ സമയം രാത്രി 9.16. പുന്നപ്ര-വയലാര്‍ രക്തസാക്ഷികളും പി. കൃഷ്ണപിള്ള, ടി.വി. തോമസ്, കെ.ആര്‍. ഗൗരിയമ്മ, പി.കെ. ചന്ദ്രാനന്ദന്‍ തുടങ്ങിയ ജനനേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ വി.എസ്. അച്യുതാനന്ദനും ജ്വലിക്കുന്ന ഓര്‍മയായി.
വി.എസ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കേ, 1957-ല്‍ പാര്‍ട്ടിക്കു വേണ്ടി വാങ്ങിയ വലിയചുടുകാട്ടിലെ 22 സെന്റ് ഭൂമിയി ലാണ് അദ്ദേഹത്തിനും അന്ത്യവിശ്രമമൊരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയ പ്രമുഖര്‍ സംസ്‌കാരച്ചടങ്ങിനു സാക്ഷിയായി.
ഒളിവുജീവിതവും ജയില്‍വാസവും കൊടിയപീഡനങ്ങളും അതിജീവിച്ച്, അനീതിക്കെതിരേ ജീവിതകാലമത്രയും സന്ധിയില്ലാസമരം നടത്തിയ ജനനേതാവിന്റെ ജന്മനാട്ടിലേക്കുള്ള അവസാനയാത്ര ചൊവ്വാഴ്ച രാത്രി ഒമ്പതിന് പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, 15 മണിക്കൂര്‍ വൈകി ഇന്നലെ ഉച്ചയ്ക്കാണു വിലാപയാത്ര എത്തിച്ചേര്‍ന്നത്. സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെയും റിക്രിയേഷന്‍ ഗ്രൗണ്ടിലെയും പൊതുദര്‍ശനം ആ
റുമണിക്കൂറിലേറെ വൈകി.വൈകിട്ട് ആറോടെയാണ് വിലാപയാത്ര കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിയത്. തുടര്‍ന്ന്, പോലീസ് ദേശീയപതാക പുതപ്പിച്ചശേഷം മുന്‍മുഖ്യമന്ത്രിക്കു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. നാലുവരിയായി പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തി, എട്ടുമണിക്കൂറോളം കാത്തുനിന്ന ജനസഞ്ചയം മുദ്രാവാക്യങ്ങളോടെ വി.എസിനു വിടയേകി.
ഒളിവുജീവിതവും ജയില്‍വാസവും കൊടിയപീഡനങ്ങളും അതിജീവിച്ച്, അനീതിക്കെതിരേ ജീവിതകാലമത്രയും സന്ധിയില്ലാസമരം നടത്തിയ ജനനേതാവിന്റെ ജന്മനാട്ടിലേക്കുള്ള അവസാനയാത്ര ചൊവ്വാഴ്ച രാത്രി ഒമ്പതിന് പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, 15 മണിക്കൂര്‍ വൈകി ഇന്നലെ ഉച്ചയ്ക്കാണു വിലാപയാത്ര എത്തിച്ചേര്‍ന്നത്. സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെയും റിക്രിയേഷന്‍ ഗ്രൗണ്ടിലെയും പൊതുദര്‍ശനം ആറുമണിക്കൂറിലേറെ വൈകി.
വൈകിട്ട് ആറോടെയാണ് വിലാപയാത്ര കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിയത്. തുടര്‍ന്ന്, പോലീസ് ദേശീയപതാക പുതപ്പിച്ചശേഷം മുന്‍മുഖ്യമന്ത്രിക്കു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. നാലുവരിയായി പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തി, എട്ടുമണിക്കൂറോളം കാത്തുനിന്ന ജനസഞ്ചയം മുദ്രാവാക്യങ്ങളോടെ വി.എസിനു വിടയേകി.