മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലൊന്നും ആക്ടീവല്ലാത്ത താരമാണ് ഫഹദ് ഫാസില്‍. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നും കീപാഡ് ഫോണ്‍ മാത്രമാണ് കയ്യിലുളളതെന്നും നടന്‍ മുന്‍പേ തുറന്നുപറഞ്ഞിട്ടുളളതാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഭാര്യ നസ്രിയയാണ് നോക്കാറുളളതെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ കൂടുതല്‍ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് നോക്കുന്നതെന്നും പറയുകയാണ് ഫഹദ്.
കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് ഫഹദ് പറയുന്നു. ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണമെന്നാണ്. വാട്ട്‌സ്ആപ്പും ഉപയോഗിക്കാറില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല താന്‍ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാല്‍ അതില്ലാതെ എങ്ങനെ സമയം കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാന്‍ നോക്കുന്നത്', ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ നിന്നും പുതിയ ട്രെന്‍ഡുകളില്‍ നിന്നും അകല്‍ച്ച പാലിച്ചാല്‍ പുതിയ ജെന്‍സീ തലമുറയ്ക്ക് താന്‍ അന്യനാകില്ലേ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല താന്‍ എന്ന് മോശം സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ മാത്രമാവും ഞാന്‍ അവര്‍ക്ക് അന്യനാകുക, നല്ല സിനിമകള്‍ ചെയ്യുന്നിടത്തോളം കാലം ഞാന്‍ അവര്‍ക്ക് അന്യനാകില്ല എന്നും ഫഹദ് വ്യക്തമാക്കി.