പര്‍ദ ധരിച്ച് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്ര തോമസ്; ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണെന്ന്
മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ ഭിന്നതകള്‍ക്കിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസും രംഗത്ത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയ സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പര്‍ദ ധരിച്ചാണ് സാന്ദ്ര തോമസ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയത്.
മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു.
മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പോലീസ് കേസും എടുത്തിരുന്നു. അതേസമയം ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് താന്‍ പര്‍ദ ധരിച്ചെത്തിയതെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. പര്‍ദ പ്രതിഷേധത്തിന്റെ ഭാഗമാണ്. ഇതിനെ മതപരമായി കാണേണ്ടതില്ല. ഇവിടെ വരാന്‍ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം. താന്‍ കൊടുത്ത കേസില്‍ പോലീസ് കുറ്റപത്രം കൊടുത്ത പ്രതികളാണ് അധികാരത്തില്‍ ഉള്ളത്. നിലവില്‍ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. ഇതില്‍ മാറ്റം വരേണ്ടതുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മല്‍സരിക്കും. ഇപ്പോഴുള്ള ഭാരവാഹികള്‍ തുടരില്ലെന്ന് ഉറപ്പ് നല്‍കുന്നതായും സാന്ദ്ര തോമസ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണിത്. ഹേമ കമ്മിറ്റി പറയുന്ന പവര്‍ ഗ്രൂപ്പ് പോലെയാണ് സംഘടനയിലെ ഭാരവാഹികള്‍. തന്റെ പത്രിക തള്ളാന്‍ ശ്രമം നടക്കുന്നുണ്ട്. രണ്ട് സിനിമകള്‍ മാത്രം നിര്‍മിച്ച നിര്‍മാതാവ് എന്ന് പറഞ്ഞാണ് തന്റെ പത്രിക തള്ളാന്‍ ശ്രമിക്കുന്നത്. താന്‍ നിരവധി സിനിമകള്‍ നിര്‍മിച്ച ആളാണ്. തന്റെ പേരില്‍ സെന്‍സര്‍ ചെയ്ത സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഓഗസ്റ്റ് 14നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുളള തിരഞ്ഞെടുപ്പ് നടക്കുക.