സിസ്റ്റര്‍ റാണി മരിയ, മിന ബറുവ ...കന്യാസ്ത്രീകള്‍ തുടരെ വേട്ടയാടപ്പെടുമ്പോള്‍...
വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങളും വേട്ടയാടലും തുടരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ബജ്രംഗ്ദള്‍ നല്‍കിയ പരാതിയില്‍ ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യിച്ച സംഭവമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ടത്. ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. തുടക്കത്തില്‍ മതപരിവര്‍ത്തനമാണ് ആരോപിച്ചിരുന്നതെങ്കില്‍ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സിസ്റ്റര്‍ പ്രീതിയെ ഒന്നാംപ്രതിയും സിസ്റ്റര്‍ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍. കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാന്‍ എത്തിയ ഇവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കന്യാസ്ത്രീകളുടെ വാദങ്ങളൊന്നും പോലീസിനും സ്വീകരിച്ചില്ല
ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളടക്കം വടക്കേ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പിന്നൊക്കെ പ്രദേശങ്ങളില്‍ ആതുരസേവനവും വിദ്യാഭ്യാസവും നടത്തുവരുന്നവരാണ് കേരളത്തിലെ കന്യാസ്ത്രീകള്‍. യാതൊരു സുരക്ഷിതത്വമോ സഹായമോ സഭ മേലധികാരികളുടെ ഭാഗത്തുനിന്ന് പോലും അവര്‍ക്കു ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രാദേശിക വേട്ടയാടപ്പെടലുകള്‍ക്കു അവര്‍ ഇരയാക്കപ്പെടുകയാണ്.
സ്റ്റാന്‍ സാമിയും ഗ്രെഹാം സ്റ്റെയിനുമൊക്കെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യമായി നമുക്കു മുന്‍പിലുണ്ട്.
സിസ്റ്റര്‍ റാണി മരിയ തന്നെ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊല്ലപ്പെട്ട ആളാണ്. ഫ്രാന്‍സിസ്ക്കന്‍ ക്ലാര സഭ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ -ഉദയ്നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കവേ 1995 ഫെബ്രുവരി 25നു കൊല്ലപ്പെടുകയായിരുന്നു. ഭാരതസഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയയെ സഭ പിന്നീട് വാഴ്ത്തപ്പെട്ടവാളാക്കി. വളരെ ചെറിയ സൗകര്യവും പരിമിതമായ വിഭവങ്ങളും കൊണ്ട് ഏറെ ദുഷ്കരമായ സാഹചര്യം നേരിടേണ്ടിവരുന്നവരാണ് കന്യാസ്ത്രീകള്‍. അവര്‍ പുരോഹിത മേലാളന്മാരെപ്പോലെ ശീതീകരിച്ച മുറികളിലും വണ്ടികളിലും സുഖലോലുപരായി കഴിയുന്നവരല്ല.
1998 സപ്തംബര്‍ 23നും 24നും മധ്യപ്രദേശിലെ ജാബുവയിലെ നവപാരയിലുള്ള പ്രീതി ശരണ്‍ സേവാ കേന്ദ്രത്തിലെ നാല് കന്യാസ്ത്രീകളെ അക്രമികള്‍ ബലാത്സംഗം ചെയ്തത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. കേസിലെ 17 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഏഴ് പേരെ വെറുതെ വിടുകയും ചെയ്തു.
കന്യാസ്ത്രീകളും പാവങ്ങളായ പുരോഹിതരും മതപരിവര്‍ത്തനം നടത്തുന്ന എന്ന പൊള്ളയായ ആരോപണം ഉത്തരേന്ത്യയിലെ വോട്ടുബാങ്ക് രാഷ്ട്രീയമാണ്. 1950 കളിലും ഇപ്പോഴും രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ്. അതില്‍ നിന്ന് തന്നെ ക്രൈസ്തവ നിരക്ക് ഉയരുന്നില്ലെന്നു വ്യക്തമാണ്. അതേസമയം മുസ്‌ലിം ജനസംഖ്യ 1950 കളിലെ 9.8 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 14.2 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്.
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സിബിസിഐ കേവലം പ്രതിഷേധക്കുറിപ്പു ഇറക്കുന്നതില്‍ മാത്രം ഒതുങ്ങുകയാണ്. മുമ്പും ഇങ്ങനെയായിരുന്നു. സഭ അധ്യക്ഷമാരായ ബിഷപ്പുമാരടക്കം ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ഒരു പ്രതിഷേധ സംഗമം നടത്തുകയോ മറ്റോ ചെയ്‌താല്‍ അത് എത്തേണ്ടിടത്തു വളരെ വേഗം എത്തുകയും നടപടി ഉണ്ടാവുകയും ചെയ്തേനെ. ചുരുങ്ങിയപക്ഷം ആഗോള ശ്രദ്ധ നേടുകയും അത്ചെ ഭരണകൂടത്തെ സമ്മര്‍ദ്ദത്തില്‍ ആക്കുകയെങ്കിലും ചെയ്യുമായിരുന്നു. എന്നാല്‍ അതിനു ബിഷപ്പുമാര്‍ അല്പനേരമെങ്കിലും വെയില്‍ കൊള്ളണമെന്നുമാത്രം.
വിഷയത്തില്‍ ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി വി ശിവന്‍കുട്ടി നടത്തിയത്. രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. ദീപികയില്‍ എഡിറ്റോറിയല്‍ എഴുതി അരമനയില്‍ക്കയറി ഒതുങ്ങിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമോയെന്നാണ് മന്ത്രി ചോദിച്ചത്. എല്ലാ തിരുമേനിമാര്‍ക്കും അവരുടെ സ്ഥാനമുറപ്പിക്കലാണ് പ്രധാനമെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിമാരോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ലല്ലോ എന്ന് വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. .