കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നു ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുമെന്നും അറസ്റ്റില്‍ ബിജെപി എന്തു ചെയ്തു എന്ന് സഭാ നേതൃത്വത്തിനും കന്യാസ്ത്രികളുടെ കുടുംബത്തിനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റര്‍മാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിഷയം, രണ്ട് സിസ്റ്റര്‍മാരും റിമാന്‍ഡില്‍ ആയതിന് ശേഷമാണ് വിഷയത്തെ കുറിച്ച് അറിയുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാതെ ആളുകളെ കാണുകയും റെയില്‍വേ പൊലീസ് ചോദിച്ചപ്പോള്‍ വ്യക്തമായി വിശദീകരിക്കാന്‍ കഴിയാതെ വന്നതുമാണ് പ്രശ്‌നമായത്. എല്ലാ സഹായവും ബിജെപി സംസ്ഥാന ഘടകം ചെയ്തിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് അറിയിച്ചു.
മൂന്നു ദിവസമായി കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. അധികം വൈകാതെ അവര്‍ക്ക് നീതി ലഭ്യമാക്കും. ഉത്തരേന്ത്യയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവണം എന്ന് പ്രാര്‍ഥിക്കുന്ന കോണ്‍ഗ്രസ് ആണ് ഇവിടെ ഉള്ളത്. ന്യൂനപക്ഷങ്ങള്‍ ബിജെപിയിലേക്ക് വരുന്നതിനുള്ള ആശങ്കയാണ് കോണ്‍ഗ്രസിന്.
ഇവിടെ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്ക് അവിടെ എന്താണ് സംഭവിച്ചതെന്ന് പോലും കൃത്യമായി അറിയില്ല.കേരളത്തിന്റെ മുഖ്യമന്ത്രി ഈ നിമിഷം വരെ കന്യാസ്ത്രീകള്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു. കത്ത് അയച്ചതല്ലാതെ മുഖ്യമന്ത്രി ഒന്നും ചെയ്തില്ലെന്നും ഷോണ്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.