'അമ്മ' സംഘടനയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് വിട്ടുനില്‍ക്കണമെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. നടനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെയെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ‘എനിക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഞാന്‍ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം.
കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് താന്‍ കരുതുന്നുവെന്നും’ വിജയ് ബാബു കുറിച്ചു.
അതേസമയം, അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കരുതെന്ന് നേരത്തെ നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണ് വേണ്ടതെന്നും ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരുമെന്നും നടി പറഞ്ഞു. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് ഉള്‍പ്പെടെ അഞ്ച് പേരാണ് മത്സരിക്കുന്നത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് മത്സര രംഗത്തുളള മറ്റ് അംഗങ്ങള്‍.