കൊച്ചി: നടന്‍ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തിയത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്.
ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍.
കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടെലിവിഷന്‍ ഷോകളിലൂടെ മലയാളിയുടെ വീടുകങ്ങളില്‍ സുപരിചിതനായി മാറിയ നവാസ് 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിലെത്തി. മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈ ഡിയര്‍ കരടി, ചട്ടമ്പി നാട്, ചക്കരമുത്ത് മേരാം നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. അഭിനയിച്ചതിലേറെയും ഹാസ്യ കഥാപാത്രങ്ങള്‍.
ഈ വര്‍ഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലനിലും മികച്ച പ്രകടനമാണ് പ്രേക്ഷകര്‍ കണ്ടത്. ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ജഡ്ജസിന്റെ റോളിലെത്തിയിരുന്ന നവാസ് അവിടെയും പ്രേക്ഷകനെ കയ്യിലെടുത്തു. സഹോദരന്‍ നിയാസ് ബക്കറിനൊപ്പം ആരംഭിച്ച കൊച്ചിന്‍ ആര്‍ട്സ് മിമിക്രി ട്രൂപ്പിലൂടെ സ്റ്റേജ് ഷോകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് മടങ്ങിവരാനുളള ശ്രമങ്ങള്‍ക്കിടെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്നയാണ് ഭാര്യ. മൂന്നു മക്കള്‍.