ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ വോട്ടര്‍മാര്‍ക്ക് കടുത്ത അതൃപ്‍തിയിലാണ്. ഗവണ്‍മെന്റിന്റെ പല നയങ്ങളും ജനവിരുദ്ധമായി മാറുന്ന കാഴ്ചയാണ്. അതിനൊപ്പം മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള നയങ്ങളൊന്നും മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല.
ഈ ഘട്ടത്തിലാണ് രാജ്യത്ത് മാറ്റം ഉണ്ടാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ലേബറിന് യോഗ്യതയില്ലെന്ന് റേച്ചല്‍ റീവ്‌സ് തന്നെ സമ്മതിക്കുന്നത്. ഗവണ്‍മെന്റ് രൂപീകരിച്ച ശേഷമുള്ള പല സംഭവങ്ങളും വോട്ടര്‍മാരെ നിരാശരാക്കുന്നതാണെന്നും ചാന്‍സലര്‍ സമ്മതിക്കുന്നു.
വിന്റര്‍ ഫ്യൂവല്‍ അലവന്‍സും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടെ പല യു-ടേണുകളും ചില വോട്ടര്‍മാര്‍ക്ക് അസന്തുഷ്ടി സമ്മാനിക്കുന്നതാണെന്ന് മനസ്സിലാക്കുന്നതായി റീവ്‌സ് പറയുന്നു. എന്നാല്‍ കണ്‍സര്‍വേറ്റീവുകളില്‍ നിന്നും വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സ്ഥിതി ഏറ്റെടുക്കേണ്ടി വന്നത് മൂലമാണ് ബുദ്ധിമുട്ടെന്ന വാദം ഇപ്പോഴും റീവ്‌സ് ആവര്‍ത്തിക്കുകയാണ്.
രാജ്യം ഭരിക്കപ്പെടുന്ന രീതിയില്‍ സന്തോഷമില്ലാത്തതിനാലാണ് ആളുകള്‍ ലേബറിന് വോട്ട് ചെയ്തത്. കാര്യങ്ങള്‍ എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. എന്നാല്‍ മാറ്റത്തിനായി തിടുക്കമുണ്ട്. എനിക്കും ആ മാറ്റം വേണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ എല്ലാം ഒരുമിച്ച് ചെയ്യാന്‍ പറ്റില്ല, റീവ്‌സ് വാദിക്കുന്നു.