ഓവലില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജ്, ഇന്ത്യക്ക് മിന്നും ജയം; പരമ്പര സമനിലയില്‍
നാടകീയതയ്ക്കും ത്രില്ലറിനും ഒടുവില്‍ ഇടിമിന്നലായി മുഹമ്മദ് സിറാജ് മാറിയതോടെ ഓവലില്‍ ഇന്ത്യക്ക് മിന്നും ജയം. കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യ പൊരുതി നേടിയെടുത്തു. പരമ്പര നഷ്ടം കൈയെത്തും അകലെ നില്‍ക്കെയാണ് ഇന്ത്യന്‍ പേസന്‍മാന്‍ ഇംഗ്ലീഷ് നിരയെ 367 റണ്‍സിന് എറിഞ്ഞിട്ട് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്.
പരിക്കേറ്റ ക്രിസ് വോക്‌സ് വരെ ബാറ്റിങ്ങിനിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട കളിയില്‍ അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകളില്‍ മൂന്നും സിറാജ് നേടിയപ്പോള്‍ ഒന്ന് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് കീഴടക്കിയ ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.
സ്‌കോര്‍: ഇന്ത്യ - 224/10, 396/10, ഇംഗ്ലണ്ട് - 247/10, 367/10
ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ശേഷിക്കേ അവസാന ദിനം ജയിക്കാന്‍ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആറിന് 339 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ജാമി ഓവര്‍ട്ടണ്‍ തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജാമി സ്മിത്തിനെ (2) വീഴ്ത്തി മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി. പിന്നാലെ 80-ാം ഓവറില്‍ ഓവര്‍ട്ടണിനെ (9) വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് വീണ്ടും ഇന്ത്യന്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചു. 11 പന്തുകള്‍ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തില്‍ തെറിപ്പിപ്പിച്ച് പ്രസിദ്ധ് മത്സരത്തെ ആവേശക്കൊടുമുടിയിലേറ്റി. പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിലേക്ക്. വോക്സിനെ ഒരറ്റത്ത് നിര്‍ത്തി ആറ്റ്കിസണ്‍ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചപ്പോള്‍ ഇന്ത്യ വീണ്ടും പ്രതിരോധത്തില്‍. എന്നാല്‍ 86-ാം ഓവറില്‍ ആറ്റ്കിന്‍സന്റെ (17) കുറ്റിതെറിപ്പിച്ച് സിറാജ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു.