'എനിക്ക് 13 വയസുള്ള മകളുണ്ട്, ഈ ചെയ്യുന്നവര്‍ അത് ഓര്‍ക്കുന്നുണ്ടോ'യെന്ന് ചോദിച്ച് ശ്വേത പൊട്ടിക്കരഞ്ഞു-മേജര്‍ രവി
നടി ശ്വേത മേനോനെ പിന്തുണച്ച് നടനും സംവിധായകനുമായ മേജര്‍ രവി. 'അമ്മ' തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊണ്ട് ശ്വേതയ്ക്കെതിരെ വിചിത്രമായ ആരോപണങ്ങള്‍ ഉന്നയിച്ച് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മേജര്‍ രവി പ്രതികരിച്ചത്. 'താന്‍ ശ്വേതയെ വിളിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നുവെന്നും ആ കരച്ചില്‍ കേട്ടപ്പോഴാണ് തനിക്ക് വിഷയത്തിന്റെ ഗൗരവം മനസിലായതെന്നും മേജര്‍ രവി പറയുന്നു. വിഷയം അറിഞ്ഞപ്പോള്‍ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാല്‍ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്.
ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്. ശ്വേത തെരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്. എന്നാല്‍ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. കേസില്‍ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തില്‍, ഒരു പെണ്‍കുട്ടിയുടെ ജീവിതം തുലയ്ക്കാന്‍ ശ്രമിച്ച ആളുകള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണം.
ഇല്ലെങ്കില്‍ ആര്‍ക്കോ വേണ്ടി കേസ് നല്‍കാന്‍ ഇതുപോലെ ആള്‍ക്കാര്‍ വരും. പോണോഗ്രാഫി തിരഞ്ഞപ്പോഴാണ് അയാള്‍ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാള്‍ തിരയാന്‍ പോയത്. അയാളാണ് യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടേണ്ടത്. കോടതിയില്‍ ഇതിനൊക്കെ മറുപടി നല്‍കേണ്ടി വരും. ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ പോകുന്നില്ല. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്', മേജര്‍ രവി പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനുള്ള പത്രിക തള്ളപ്പെട്ട സാന്ദ്ര തോമസിനും മേജര്‍ രവി പിന്തുണ പ്രഖ്യാപിച്ചു.