റോഡ് സുരക്ഷാ പദ്ധതികളുടെ ഭാഗമായി കടുത്ത നിയന്ത്രണത്തിന് മന്ത്രിമാര്‍. ഇതനുസരിച്ചു മദ്യപിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കുന്ന അളവ് വെട്ടിച്ചുരുക്കാന്‍ ആണ് നീക്കം. പുതിയ റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന നടപടികളിലാണ് ഇതും ഉള്‍പ്പെടുത്തുക. 2006-ലെ റോഡ് സേഫ്റ്റി ആക്ടിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമാണ് ഇത്.
ഇത് പ്രകാരം ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന അളവ് കുറയ്ക്കാനും, യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പരാജയപ്പെടുന്ന ഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പെനാല്‍റ്റി പോയിന്റ് നല്‍കുന്നത് ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാവിധികളാണ് നടപ്പാക്കുകയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ 35 മൈക്രോഗ്രാം മദ്യം ശ്വാസത്തില്‍ കാണാമെങ്കിലും, ഇത് 22 മൈക്രോഗ്രാമായാണ് ചുരുക്കുക. മദ്യപിച്ചുള്ള വാഹന ഉപയോഗം അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളെ തകിടം മറിക്കുന്നുവെന്നാണ് അധികൃതര്‍ കരുതുന്നത്.
ഇതിന് പുറമെ മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പ്രായമായ ആളുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിക്കാതെ ഡ്രൈവ് ചെയ്യുന്നത് കൊണ്ടുള്ള അപകടങ്ങള്‍ എന്നിവയും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.